
ലോക വനിതാ ദിനത്തിൽ തന്റെ ജീവിതത്തിലെ കരുത്തും തണലുമായ ഭാര്യ രാധികയ്ക്ക് ഹൃദയസ്പർശിയായ കുറിപ്പിലൂടെ ആശംസകൾ നേർന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. തന്റെ ജീവിതത്തിലെ ഓരോ വിജയത്തിനും സമാധാനപൂർണ്ണമായ നിമിഷങ്ങൾക്കും പിന്നിൽ രാധികയുടെ സാന്നിധ്യമുണ്ടെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. ഭാരതീയതയുടെ യഥാർത്ഥ ചൈതന്യം ഉൾക്കൊള്ളുന്ന സ്ത്രീയായാണ് അദ്ദേഹം രാധികയെ വിശേഷിപ്പിച്ചത്.
വീടിന്റെ ഹൃദയമിടിപ്പും തന്റെ ലോകത്തെ ഐക്യത്തോടെ നിലനിർത്തുന്ന നിശബ്ദമായ കരുത്തുമാണ് അവളെന്ന് സുരേഷ് ഗോപി പറഞ്ഞു. ജീവിതത്തിന്റെ താളം നിലനിർത്തുന്നതിലും ഓരോ നാഴികക്കല്ലുകൾ പിന്നിടുമ്പോഴും രാധിക നൽകുന്ന പിന്തുണ വലുതാണെന്നും താരം കൂട്ടിച്ചേർത്തു. രാധികയ്ക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ ഈ കുറിപ്പ്.
മലയാള സിനിമയിലെ മാതൃകാ ദമ്പതികളായ സുരേഷ് ഗോപിയും രാധികയും അടുത്തിടെ തങ്ങളുടെ 36-ാം വിവാഹവാർഷികം ആഘോഷിച്ചിരുന്നു. രാഷ്ട്രീയ തിരക്കുകൾക്കിടയിലും കുടുംബത്തിന് നൽകുന്ന പ്രാധാന്യവും ഭാര്യയോടുള്ള സ്നേഹവും പ്രകടിപ്പിച്ചുകൊണ്ടുള്ള സുരേഷ് ഗോപിയുടെ ഈ പോസ്റ്റ് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്. നിരവധി പേരാണ് രാധികയ്ക്കും ലോകത്തിലെ മുഴുവൻ വനിതകൾക്കും ആശംസകളുമായി കമന്റ് ബോക്സിൽ എത്തുന്നത്.











