
നിതേഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’ത്തിന്റെ സെറ്റിൽ നിന്നുള്ള രൺബീർ കപൂറിന്റെയും സായി പല്ലവിയുടെയും ചിത്രമെന്ന രീതിയിൽ പ്രചരിക്കുന്ന ഫോട്ടോ വ്യാജമെന്ന് റിപ്പോർട്ട്. രാമന്റെയും സീതയുടെയും വേഷത്തിൽ ഇരുവരും നിൽക്കുന്ന ചിത്രം ‘ലീക്ക്ഡ് സ്റ്റിൽ’ എന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. എന്നാൽ ഇത് യഥാർത്ഥത്തിൽ എഐ (AI) ഉപയോഗിച്ച് നിർമ്മിച്ച ചിത്രമാണെന്ന് പിന്നീട് വ്യക്തമായി. 2015-ൽ പുറത്തിറങ്ങിയ ‘സിയ കേ രാം’ എന്ന സീരിയലിലെ ദൃശ്യങ്ങൾ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് രൂപാന്തരപ്പെടുത്തിയതാണ് ഈ ചിത്രം.
ഈ ചിത്രം പ്രചരിച്ചതോടെ സായി പല്ലവിയുടെ കാസ്റ്റിംഗിനെതിരെ വലിയ വിമർശനങ്ങളും ഉയർന്നു. സായി പല്ലവി സീതയുടെ വേഷത്തിന് അനുയോജ്യയല്ലെന്നും ബോളിവുഡിൽ നിന്നുള്ള മൃണാൾ ഠാക്കൂർ ഉൾപ്പെടെയുള്ള നടിമാരെയായിരുന്നു പരിഗണിക്കേണ്ടിയിരുന്നതെന്നും ചിലർ അഭിപ്രായപ്പെട്ടു. രൺബീർ കപൂർ രാമന്റെ ലുക്കിൽ മികച്ചതാണെന്നും എന്നാൽ ഇരുവരും തമ്മിലുള്ള സ്ക്രീൻ പ്രസൻസ് ഒത്തുപോകുന്നില്ലെന്നും സോഷ്യൽ മീഡിയയിൽ കമന്റുകൾ നിറഞ്ഞു. എന്നാൽ ചിത്രം വ്യാജമാണെന്ന് തെളിഞ്ഞതോടെ ഇത്തരം വിമർശനങ്ങളിൽ കഴമ്പില്ലെന്ന് വ്യക്തമായിരിക്കുകയാണ്.
രൺബീർ കപൂർ ശ്രീരാമനായും യഷ് രാവണനായും എത്തുന്ന രാമായണം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊഡക്ഷനുകളിൽ ഒന്നാണ്. സണ്ണി ഡിയോൾ ഹനുമാനായും രവി ദുബെ ലക്ഷ്മണനായും വേഷമിടുന്നു. ഹോളിവുഡ് നിലവാരത്തിലുള്ള വിഎഫ്എക്സും കൂറ്റൻ സെറ്റുകളുമാണ് ചിത്രത്തിനായി ഒരുങ്ങുന്നത്. രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം 2026 ദീപാവലിക്കും രണ്ടാം ഭാഗം 2027 ദീപാവലിക്കും തിയറ്ററുകളിൽ എത്തും. എ.ആർ. റഹ്മാനും ഹാൻസ് സിമ്മറും ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.











