“ഞാൻ ഇന്ന് ഒരു സംവിധായകനാണെങ്കിൽ അതിന് കാരണം ധനുഷ് സാറാണ്”; മനസ്സ് തുറന്ന് കെൻ കരുണാസ്

‘അസുരൻ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകമനം കവർന്ന കെൻ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. തന്റെ ആദ്യ ചിത്രമായ ‘യൂത്ത്’ (Youth) റിലീസിന് തയ്യാറെടുക്കവെ, താൻ ക്യാമറയ്ക്ക് പിന്നിലെത്താൻ പ്രധാന കാരണം നടൻ ധനുഷ് ആണെന്ന് കെൻ വെളിപ്പെടുത്തി. ധനുഷിനൊപ്പം അഭിനയിച്ചപ്പോൾ അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചുവെന്നും തന്നിലെ സംവിധായകനെ തിരിച്ചറിഞ്ഞതും പ്രോത്സാഹിപ്പിച്ചതും അദ്ദേഹമാണെന്നും കെൻ പറഞ്ഞു.

‘വാത്തി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന ഒരു സംഭവത്തെക്കുറിച്ചും കെൻ ഓർമ്മിച്ചു. ഒരു ഷോട്ട് എടുത്തു കഴിഞ്ഞപ്പോൾ, “ഒരു ദിവസം നീ ഇതുപോലെ അവാർഡ് വാങ്ങുന്നത് എനിക്ക് കാണണം, അന്ന് ഞാൻ വല്ലാതെ ഇമോഷണലാകും” എന്ന് ധനുഷ് പറഞ്ഞത് തന്നെ ഏറെ സ്വാധീനിച്ചു. തനിക്ക് ഒരു ഡയറക്ടറാകാൻ കഴിയുമെന്ന് ധനുഷ് ഉറച്ചു വിശ്വസിച്ചതിനാലാണ് ഇന്ന് താൻ ഈ നിലയിൽ നിൽക്കുന്നതെന്നും അദ്ദേഹത്തോടുള്ള കടപ്പാട് വാക്കുകൾക്ക് അതീതമാണെന്നും കെൻ കൂട്ടിച്ചേർത്തു.

കെൻ കരുണാസ് തന്നെ നായകനാകുന്ന ‘യൂത്ത്’ എന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കെന്നിന്റെ അച്ഛനായിട്ടാണ് സുരാജ് അഭിനയിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്. ഒരു സ്കൂൾ ടീനേജ് റൊമാന്റിക് കോമഡി ഡ്രാമയായ ഈ ചിത്രം മാർച്ച് 19-ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.