കാത്തിരിപ്പിന് വിരാമം; സിഐഡി മൂസയുടെ രണ്ടാം ഭാഗം അടുത്ത വർഷം തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എക്കാലത്തെയും വലിയ കോമഡി ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായ ‘സിഐഡി മൂസ’യുടെ രണ്ടാം ഭാഗം അടുത്ത വർഷം റിലീസ് ചെയ്യുമെന്ന് ഉറപ്പിച്ച് നടൻ ദിലീപും സംവിധായകൻ ജോണി ആന്റണിയും. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് വർഷങ്ങളായി നിലനിന്നിരുന്ന ആകാംക്ഷകൾക്കാണ് ഇതോടെ വിരാമമായത്. കോട്ടയത്ത് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ പുതിയ തിയേറ്റർ ഉദ്ഘാടന ചടങ്ങിൽ വെച്ചാണ് ജോണി ആന്റണി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.

ചിത്രത്തിന്റെ തിരക്കഥാ ജോലികൾ പുരോഗമിക്കുകയാണെന്നും 2027-ഓടെ മൂസയും അർജുനും വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ദിലീപിനെ സാക്ഷിയാക്കി നടത്തിയ ഈ പ്രഖ്യാപനം വലിയ ആരവത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ആദ്യ ഭാഗം പുറത്തിറങ്ങി രണ്ട് പതിറ്റാണ്ടിന് ശേഷമാണ് രണ്ടാം ഭാഗം യാഥാർത്ഥ്യമാകുന്നത് എന്നത് സിനിമാ പ്രേമികൾക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.

ആദ്യ ഭാഗത്തിൽ അണിനിരന്ന കൊച്ചിൻ ഹനീഫ, ഒടുവിൽ ഉണ്ണികൃഷ്ണൻ, സുകുമാരി, മുരളി, ക്യാപ്റ്റൻ രാജു തുടങ്ങിയ പ്രിയ താരങ്ങളുടെ അഭാവം രണ്ടാം ഭാഗത്തിൽ വലിയ വെല്ലുവിളിയാണെന്ന് സംവിധായകൻ നേരത്തെ സൂചിപ്പിച്ചിരുന്നു. എങ്കിലും, പുതിയ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളോടെയും ആദ്യ ഭാഗത്തിന്റെ അതേ ഊർജ്ജത്തോടെയും ചിത്രം ഒരുക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രൊജക്റ്റുകളിൽ ഒന്നായിരിക്കും ‘സിഐഡി മൂസ 2’.