
ദളപതി വിജയ്യുടെ കരിയറിലെ അവസാന ചിത്രമായ ‘ജനനായകൻ’ പൂർത്തിയാക്കിയതിന് പിന്നാലെ സംവിധായകൻ എച്ച് വിനോദ് അടുത്ത വമ്പൻ പ്രോജക്റ്റിലേക്ക് കടക്കുന്നു. തമിഴ് സിനിമയിലെ സൂപ്പർതാരം സൂര്യയാണ് വിനോദിന്റെ പുതിയ ചിത്രത്തിൽ നായകനാകുന്നത് എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ചിത്രത്തിന്റെ പ്രാഥമിക ചർച്ചകൾ പൂർത്തിയായെന്നും സൂര്യയ്ക്ക് വിനോദ് കഥ വിവരിച്ചുകൊടുത്തതായും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
വിജയ് ചിത്രം ‘ജനനായകൻ’ റിലീസുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അനിശ്ചിതത്വങ്ങൾക്കിടയിലാണ് വിനോദിന്റെ പുതിയ നീക്കം. സെൻസർ ബോർഡുമായുള്ള തർക്കങ്ങളും കോടതി വ്യവഹാരങ്ങളും കാരണം ജനനായകന്റെ റിലീസ് നീണ്ടുപോവുകയാണ്. ഈ സാഹചര്യത്തിലാണ് വിനോദ് തന്റെ അടുത്ത ചിത്രത്തിന്റെ ജോലികൾ ആരംഭിച്ചത്. ‘തീരൻ അധികാരം ഒൻട്ര്’, ‘നേർകൊണ്ട പാർവൈ’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിനോദും സൂര്യയും ആദ്യമായി ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് സിനിമാ ലോകം.
സൂര്യ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന വെങ്കി അട്ലൂരി ചിത്രം ‘സൂര്യ 46’, ആർ.ജെ ബാലാജി സംവിധാനം ചെയ്യുന്ന ‘കറുപ്പ്’ എന്നീ പ്രോജക്റ്റുകൾക്ക് ശേഷം എച്ച് വിനോദ് ചിത്രം ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്. സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ മാസ്സ് ആക്ഷൻ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന വിനോദിന്റെ ശൈലി സൂര്യയുടെ കരിയറിലും വലിയൊരു മാറ്റം കൊണ്ടുവരുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.











