
പെരുമ്പാവൂർ നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന നടി ലക്ഷ്മിപ്രിയ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തെക്കുറിച്ചുള്ള വലിയ പ്രതീക്ഷകൾ പങ്കുവെച്ചു. താരസംഘടനയായ ‘അമ്മ’യുടെ വൈസ് പ്രസിഡന്റ് കൂടിയായ ലക്ഷ്മിപ്രിയ, തന്റെ സഹപ്രവർത്തകരായ മലയാള സിനിമയിലെ മഹാനടന്മാർ പ്രചാരണത്തിനായി എത്തണമെന്നാണ് ആഗ്രഹിക്കുന്നത്. ലാലേട്ടനും (മോഹൻലാൽ) മമ്മൂക്കയും (മമ്മൂട്ടി) ജയറാമേട്ടനും ദിലീപേട്ടനും സിദ്ദിഖ് ഇക്കയും ഒക്കെ തന്റെ പ്രചാരണത്തിനായി പെരുമ്പാവൂരിൽ എത്തുമെന്നാണ് പ്രതീക്ഷയെന്ന് താരം പറഞ്ഞു.
താൻ സ്ഥാനാർത്ഥിയാകുന്നത് ‘അമ്മ’യിലെ സഹപ്രവർത്തകർക്ക് ഒരു ഞെട്ടലായിരിക്കുമെന്നും താരം വെളിപ്പെടുത്തി. നിലവിൽ സംഘടനയുടെ പ്രവർത്തനം കൃത്യമായ ട്രാക്കിലാണെന്നും, ഇനി ഒന്നോ രണ്ടോ കമ്മിറ്റികളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും ഫോണിലൂടെ കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിയുമെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളോടൊന്നും താൻ മത്സരിക്കുന്ന വിവരം മുൻകൂട്ടി പറഞ്ഞിരുന്നില്ലെന്നും അവർ കൂട്ടിചേർത്തു.
സ്ഥാനാർത്ഥിയാകാനുള്ള വിളി താൻ പ്രതീക്ഷിച്ചിരുന്നുവെന്നും പെരുമ്പാവൂരിലെ പ്രശ്നങ്ങൾ തനിക്ക് വ്യക്തമായി അറിയാമെന്നും താരം പറഞ്ഞു. നേരത്തെ ബിജെപി മത്സരിക്കാൻ ക്ഷണിച്ചിരുന്നെങ്കിലും മകൾ ചെറുതായതിനാലാണ് അന്ന് മാറിനിന്നത്. ഭാരതം എന്ന മൂന്നക്ഷരം കേൾക്കുമ്പോൾ കണ്ണുനിറയുന്ന വ്യക്തിയാണ് താനെന്നും, കുട്ടിക്കാലം മുതലേയുള്ള തന്റെ രാജ്യസ്നേഹം ഇനി സജീവ രാഷ്ട്രീയ പ്രവർത്തനത്തിനായി വിനിയോഗിക്കുമെന്നും ലക്ഷ്മിപ്രിയ വ്യക്തമാക്കി.











