‘ഇതൊരു ബോറൻ പുസ്തകം പോലെ’; രൺവീർ സിംഗിന്റെ ‘ധുരന്ധർ 2’നെതിരെ ദിവ്യ സ്പന്ദന

ബോക്സ് ഓഫീസിൽ തരംഗമായിക്കൊണ്ടിരിക്കുന്ന രൺവീർ സിംഗ് ചിത്രം ‘ധുരന്ധർ 2’ (Dhurandhar 2) വിനെതിരെ രൂക്ഷവിമർശനവുമായി നടിയും മുൻ എംപിയുമായ ദിവ്യ സ്പന്ദന. തിയേറ്ററുകളിൽ വലിയ സ്വീകാര്യത ലഭിക്കുന്ന ചിത്രത്തെ ‘അങ്ങേയറ്റം വിരസമായ ഒരു അനുഭവം’ എന്നാണ് താരം വിശേഷിപ്പിച്ചത്. ഒരു സിനിമ എങ്ങനെയൊക്കെ മോശമാക്കാം എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ ചിത്രമെന്നും, ഒരു ബോറൻ പുസ്തകം വായിക്കുന്നത് പോലെയാണ് തനിക്ക് അനുഭവപ്പെട്ടതെന്നും ദിവ്യ തന്റെ സോഷ്യൽ മീഡിയ കുറിപ്പിൽ വ്യക്തമാക്കി.

ആദ്യ ഭാഗത്തിന്റെ പകുതി ആവേശം പോലും സീക്വലിന് നൽകാൻ സാധിച്ചില്ലെന്നും, അനാവശ്യമായ സംഘട്ടന രംഗങ്ങളും യുക്തിയില്ലാത്ത കഥാഗതിയും കൊണ്ട് പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുകയാണ് സംവിധായകൻ ചെയ്തതെന്നും താരം ആരോപിച്ചു. ചിത്രം കാണാൻ തിയേറ്ററുകളിൽ പോയി പണവും സമയവും കളയരുതെന്നും, ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യുന്നത് വരെ കാത്തിരിക്കുന്നതാവും ഉചിതമെന്നും താരം പ്രേക്ഷകർക്ക് നിർദ്ദേശം നൽകി. രൺവീർ സിംഗിന്റെ അഭിനയത്തെയും ദിവ്യ സ്പന്ദന പരിഹസിച്ചു.

സിനിമയുടെ രാഷ്ട്രീയ ഉള്ളടക്കത്തെയും താരം ചോദ്യം ചെയ്തിട്ടുണ്ട്. കേവലം ഒരു വിഭാഗത്തെ പ്രീതിപ്പെടുത്താൻ നിർമ്മിച്ച ‘പ്രൊപ്പഗണ്ട’ (Propaganda) ചിത്രമാണിതെന്ന ആരോപണവും താരം ഉന്നയിച്ചു. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ 100 കോടിയിലധികം രൂപ കലക്ഷൻ നേടി മുന്നേറുന്ന ചിത്രത്തിനെതിരെ ദിവ്യ നടത്തിയ ഈ പരാമർശങ്ങൾ സിനിമാ ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്. ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തുന്നത്.