‘സീതാ രാമ’ത്തിന് ശേഷം തെലുങ്ക് സിനിമ ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു; വെളിപ്പെടുത്തലുമായി മൃണാൽ ഠാക്കൂർ

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ മൃണാൽ ഠാക്കൂർ തന്റെ കരിയറിലെ നിർണ്ണായകമായ ഒരു വെളിപ്പെടുത്തലുമായി രംഗത്ത്. ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘സീതാ രാമ’ത്തിന് ശേഷം തെലുങ്ക് സിനിമാ മേഖല ഉപേക്ഷിക്കാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നും ഇനിയൊരു തെലുങ്ക് സിനിമ ചെയ്യില്ലെന്ന് സഹതാരം ദുൽഖർ സൽമാനോട് പറഞ്ഞിരുന്നുവെന്നും മൃണാൽ വെളിപ്പെടുത്തി. ഭാഷാപരമായ ബുദ്ധിമുട്ടുകളായിരുന്നു താരത്തെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്.

തെലുങ്ക് ഭാഷ വശമില്ലാതിരുന്നത് ചിത്രീകരണ സമയത്ത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് മൃണാൽ പറയുന്നു. സംഭാഷണങ്ങൾ ഹൃദിസ്ഥമാക്കാനും ലിപ് സിങ്ക് കൃത്യമാക്കാനും താൻ ഒരുപാട് കഷ്ടപ്പെട്ടിരുന്നു. ഷൂട്ടിംഗിനിടെ പലതവണ താൻ കരഞ്ഞിട്ടുണ്ടെന്നും ഈ ഭാഷാ പരിമിതി തന്നെ അസ്വസ്ഥയാക്കിയിരുന്നതായും താരം കൂട്ടിച്ചേർത്തു. കാശ്മീരിലെ ഷൂട്ടിംഗിനിടെയാണ് “ഇതെന്റെ ആദ്യത്തെയും അവസാനത്തെയും തെലുങ്ക് സിനിമയായിരിക്കും” എന്ന് ദുൽഖറിനോട് മൃണാൽ പറഞ്ഞത്.

എന്നാൽ മൃണാലിന്റെ വാക്കുകൾ കേട്ട് പുഞ്ചിരിക്കുക മാത്രമാണ് ദുൽഖർ ചെയ്തത്. പിന്നീട് സിനിമ റിലീസ് ചെയ്യുകയും വലിയ വിജയം നേടുകയും ചെയ്തതോടെ പ്രേക്ഷകർ നൽകിയ സ്നേഹമാണ് താരത്തിന്റെ തീരുമാനം മാറ്റിച്ചത്. ഇന്ന് തനിക്ക് തെലുങ്ക് സിനിമകൾ ചെയ്യാൻ ആത്മവിശ്വാസം നൽകിയത് ദുൽഖറാണെന്നും മൃണാൽ നന്ദിയോടെ സ്മരിക്കുന്നു. ‘സീതാ രാമ’ത്തിന് ശേഷം നാനി ചിത്രം ‘ഹായ് നാന’, വിജയ് ദേവരകൊണ്ട ചിത്രം ‘ഫാമിലി സ്റ്റാർ’ എന്നിവയിലൂടെ മൃണാൽ തെലുങ്കിൽ തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.