
കൊച്ചി: മലയാള സിനിമയിലെ യുവനിരയിലെ ശ്രദ്ധേയനായ താരം ഷറഫുദ്ദീനെ നായകനാക്കി നവാഗതനായ വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന “മധുവിധു” എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന പന്ത്രണ്ടാമത് ചിത്രമാണിത്. ഒരു പക്കാ ഫീൽ ഗുഡ് എന്റർടൈനർ എന്ന സൂചന നൽകുന്ന ടീസർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.
MADHUVIDHU TEASER
മലയാളികളുടെ പ്രിയനടി ബിന്ദു പണിക്കറുടെ മകൾ കല്യാണി പണിക്കർ നായികയായി അരങ്ങേറ്റം കുറിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ടീസറിൽ കല്യാണിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. അഞ്ച് പുരുഷന്മാർ മാത്രം താമസിക്കുന്ന, പെണ്ണില്ലാത്ത ഒരു വീടിന്റെ പശ്ചാത്തലത്തിൽ കുടുംബവും പ്രണയവും ഹാസ്യവും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രശസ്ത തിരക്കഥാകൃത്തുക്കളായ ബിബിൻ മോഹനും ജയ് വിഷ്ണുവും ചേർന്നാണ് ചിത്രത്തിന് രചന നിർവ്വഹിച്ചിരിക്കുന്നത്.
ജഗദീഷ്, സായ്കുമാർ, അസീസ് നെടുമങ്ങാട് തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ചിത്രത്തിന് ഹിഷാം അബ്ദുൾ വഹാബാണ് സംഗീതം പകരുന്നത്. ബിഗ് ബജറ്റ് ആക്ഷൻ ചിത്രങ്ങൾക്കിടയിൽ ഹൃദ്യമായ ഒരു കുടുംബചിത്രമായിട്ടാണ് “മധുവിധു” എത്തുന്നത്. മെയ് 1, 2026-ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. അവധിക്കാലത്ത് കുടുംബങ്ങൾക്കൊപ്പം ചിരിച്ചു ആസ്വദിക്കാവുന്ന ഒരു കംപ്ലീറ്റ് പാക്കേജായിരിക്കും ഈ സിനിമയെന്ന് അണിയറപ്രവർത്തകർ ഉറപ്പു നൽകുന്നു.











