
കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന തന്റെ പ്രിയ സുഹൃത്ത് രമേശ് പിഷാരടിക്ക് നൽകിയ ഉപദേശത്തെക്കുറിച്ച് വെളിപ്പെടുത്തി നടൻ ധർമ്മജൻ ബോൾഗാട്ടി. കോമഡി വേദികളിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഈ സുഹൃദ്‌ബന്ധം ഇപ്പോൾ രാഷ്ട്രീയ കളരിയിലും ചർച്ചയാവുകയാണ്. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ധർമ്മജൻ പിഷാരടിയോടുള്ള തന്റെ നിലപാടുകൾ വ്യക്തമാക്കിയത്.
രമേശ് പിഷാരടി നല്ല വിദ്യാഭ്യാസമുള്ളവനും അറിവുള്ളവനുമാണെന്നും എന്നാൽ രാഷ്ട്രീയം കോമഡി പോലെ ലളിതമല്ലെന്നും ധർമ്മജൻ ഓർമ്മിപ്പിച്ചു. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലേണ്ട ഒന്നാണ് രാഷ്ട്രീയം. താൻ പിഷാരടിക്ക് നൽകിയ പ്രധാന ഉപദേശം പണം കരുതിവെക്കണം എന്നതായിരുന്നുവെന്ന് ധർമ്മജൻ തമാശരൂപേണ പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് ഫ്ലെക്സുകൾ അടിക്കാനും അനൗൺസ്‌മെന്റുകൾ നടത്താനുമായി വലിയ ചിലവുകൾ വരുമെന്നും അതിനുള്ള സാമ്പത്തിക ഒരുക്കം വേണമെന്നും താൻ സുഹൃത്തിനെ ബോധ്യപ്പെടുത്തിയതായി അദ്ദേഹം വ്യക്തമാക്കി.
പാരമ്പര്യമായി ഒരു കോൺഗ്രസ് കുടുംബത്തിൽ നിന്നാണ് താൻ വരുന്നതെന്നും മരണം വരെ ആ പതാകയ്ക്ക് കീഴിലായിരിക്കുമെന്നും ധർമ്മജൻ പറഞ്ഞു. 2021-ലെ തിരഞ്ഞെടുപ്പിൽ ബാലുശ്ശേരിയിൽ നിന്ന് മത്സരിച്ച അനുഭവം തനിക്കുള്ളതുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ പിഷാരടിയോട് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിഷാരടിയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങളും അതിന് അദ്ദേഹം നൽകുന്ന മറുപടികളും നിലവിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.











