‘അളമുട്ടിയാൽ ചേരയും കടിക്കും’; സൈബർ ആക്രമണങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടിയുമായി ലക്ഷ്മി പ്രിയ

തനിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന അധിക്ഷേപ പരാമർശങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും ശക്തമായ ഭാഷയിൽ മറുപടി നൽകി നടി ലക്ഷ്മി പ്രിയ രംഗത്തെത്തി. “അളമുട്ടിയാൽ ചേരയും കടിക്കും” എന്ന ചൊല്ല് ഓർമ്മിപ്പിച്ചുകൊണ്ടാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. താൻ ഒരു സിനിമാ നടിയാണെന്നോ പൊതുപ്രവർത്തകയാണെന്നോ ഉള്ള പരിഗണന വച്ച് തെറിവിളികൾ സഹിച്ചിരിക്കില്ലെന്നും, ക്ഷമയുടെ നെല്ലിപ്പലക തകർന്നു കഴിഞ്ഞാൽ ശക്തമായി പ്രതികരിക്കുമെന്നും ലക്ഷ്മി പ്രിയ ഫെയ്സ്ബുക്കിൽ കുറിച്ചു.ഭാരതീയ ജനതാ പാർട്ടിയിൽ പ്രവർത്തിക്കുന്നതും തന്റെ മതപരമായ നിലപാടുകളും ഭരണഘടന നൽകുന്ന സ്വാതന്ത്ര്യമാണെന്ന് ലക്ഷ്മി പ്രിയ ഓർമ്മിപ്പിച്ചു. ഒരു പ്രത്യേക മതവിഭാഗത്തിൽ ഉള്ളവരും ഇടത്-വലത് രാഷ്ട്രീയ ചിന്താഗതിക്കാരും തന്റെ കമന്റ് ബോക്സിൽ വന്ന് അശ്ലീലം പറയുന്നത് അനുവദിക്കാനാവില്ല. മോശം കമന്റുകൾ ഇടുന്നവരുടെയെല്ലാം സ്ക്രീൻഷോട്ടുകൾ എടുത്തു വെച്ചിട്ടുണ്ടെന്നും, ഇതുവരെ കേസുമായി മുന്നോട്ട് പോകാത്തത് തന്റെ ഔദാര്യമാണെന്നും താരം വ്യക്തമാക്കി.വാർത്തകൾ വളച്ചൊടിക്കുന്ന മാധ്യമങ്ങളെയും ലക്ഷ്മി പ്രിയ വിമർശിച്ചു. നരേന്ദ്ര മോദി എല്ലാ പെൺമക്കളുടെയും അച്ഛനാണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും, ഒരു അച്ഛനെപ്പോലെ പെൺമക്കൾക്ക് വേണ്ട കാര്യങ്ങൾ അദ്ദേഹം ചെയ്യുന്നു എന്നാണ് താൻ ഉദ്ദേശിച്ചതെന്നും താരം വിശദീകരിച്ചു. തന്റെ ശരികളിലൂടെ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും സൈബർ ബുള്ളിയിങ് നടത്തി തന്നെ തളർത്താൻ നോക്കേണ്ടെന്നും ലക്ഷ്മി പ്രിയ കൂട്ടിച്ചേർത്തു.