
ലൈംഗികാതിക്രമ പരാതിയിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പരോക്ഷ പ്രതികരണവുമായി സംവിധായകൻ വിനയൻ രംഗത്തെത്തി. “പൊയ്മുഖങ്ങൾക്കിതു കഷ്ടകാലം” എന്ന് തുടങ്ങുന്ന വിനയന്റെ കുറിപ്പ് ഇതിനോടകം തന്നെ സിനിമാ ലോകത്തും സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. മലയാള സിനിമയിലെ ആഭ്യന്തര പ്രശ്നങ്ങളിലും താൻ നേരിട്ട വിലക്കുകളിലും മുൻപും സജീവമായി പ്രതികരിച്ചിട്ടുള്ള വിനയൻ, മാറിയ സാഹചര്യങ്ങളെ ‘കാവ്യനീതി’ എന്നാണ് വിശേഷിപ്പിക്കുന്നത്.
ഇതു കാവ്യനീതിയുടെ കാലമാണെന്നും കണ്ടകശനി മാറിയ സത്യമാണെന്നും വിനയൻ തന്റെ പോസ്റ്റിൽ കുറിച്ചു. പുകഴ്ത്തുപാട്ടുകൾക്ക് ശ്രുതിപിഴച്ച കാലമാണിതെന്നും കരുത്തായി മാറുന്ന കാലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രഞ്ജിത്തിനെ പേരെടുത്ത് പരാമർശിച്ചിട്ടില്ലെങ്കിലും, അദ്ദേഹത്തിന്റെ നിലവിലെ നിയമനടപടികളെയും ഫെഫ്കയിൽ നിന്നുള്ള പുറത്താക്കൽ ഭീഷണിയെയും മുൻനിർത്തിയാണ് വിനയന്റെ ഈ വാക്കുകളെന്ന് സോഷ്യൽ മീഡിയ വിലയിരുത്തുന്നു.
യുവനടിയുടെ പരാതിയെത്തുടർന്ന് കൊച്ചി സിറ്റി പൊലീസാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. 2026 ജനുവരിയിൽ സിനിമയുടെ ലൊക്കേഷനിൽ വെച്ച് അതിക്രമം കാട്ടിയെന്ന പരാതിയിൽ ഭാരതീയ ന്യായ സംഹിതയിലെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് നടപടി. തൊടുപുഴയിൽ വെച്ച് കസ്റ്റഡിയിലെടുത്ത അദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് എറണാകുളം സബ് ജയിലിലേക്ക് അയച്ചിരിക്കുകയാണ്. ഈ സംഭവത്തിന് പിന്നാലെ സിനിമാ രംഗത്തുനിന്നും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ പ്രതികരണങ്ങളുമായി രംഗത്തെത്തുന്നുണ്ട്.











