‘പാവം മുത്തശ്ശൻ, ഇത് ലജ്ജാകരം’ എന്ന് കമന്റ്; കലക്കൻ മറുപടിയുമായി അഹാന, ഡിലീറ്റ് ചെയ്ത് ഓടി യുവതി!

മുത്തച്ഛന്റെ വിയോഗത്തിൽ ദുഃഖിച്ചിരിക്കുന്ന അഹാന കൃഷ്ണയുടെ പോസ്റ്റിന് താഴെ മോശം കമന്റുമായി എത്തിയ യുവതിക്ക് ചുട്ട മറുപടി നൽകി താരം. അഹാനയുടെ അമ്മ സിന്ധു കൃഷ്ണയുടെ പിതാവ് എസ്. രംഗനാഥന്റെ മരണവുമായി ബന്ധപ്പെട്ട പോസ്റ്റിന് താഴെയാണ് ‘രജിത പയസ്’ എന്ന പേരുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നും അധിക്ഷേപകരമായ കമന്റ് വന്നത്. “പാവം മുത്തശ്ശൻ, നേരത്തെ ആരും ഒരു ഫോട്ടോ പോലും പോസ്റ്റ് ചെയ്തിട്ടില്ല. ഇപ്പോൾ മരിച്ചതിന് ശേഷം ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് ലജ്ജാകരമാണ്” എന്നായിരുന്നു യുവതിയുടെ പരിഹാസം.

ഇതിന് അഹാന നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ കയ്യടി നേടുകയാണ്. തന്റെ മുത്തച്ഛനുമായി തങ്ങൾക്കുണ്ടായിരുന്ന ആത്മബന്ധം മറ്റാരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നും, ഇത്തരം സമയങ്ങളിൽ പോലും വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവരുടെ മാനസികാവസ്ഥ ദയനീയമാണെന്നും താരം വ്യക്തമാക്കി. “നരകത്തിൽ പോലും മാന്യത ആവശ്യമായി വരും” എന്ന് മറ്റൊരു ട്രോളിന് നൽകിയ മറുപടിയിൽ അഹാന സൂചിപ്പിച്ചിരുന്നു. അഹാനയുടെ ശക്തമായ പ്രതികരണം വന്നതിന് പിന്നാലെ യുവതി തന്റെ കമന്റ് ഡിലീറ്റ് ചെയ്ത് തടിതപ്പുകയായിരുന്നു.

മുത്തച്ഛന്റെ മരണം വ്ലോഗിന് വേണ്ടി ‘കണ്ടന്റ്’ ആക്കുകയാണെന്ന് ആരോപിച്ചവർക്കും അഹാന കൃത്യമായ മറുപടി നൽകി. പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെട്ട വേദനയിൽ നിൽക്കുന്ന കുടുംബത്തെ ഇത്തരത്തിൽ അപമാനിക്കുന്നത് ക്രൂരതയാണെന്ന് ആരാധകരും അഭിപ്രായപ്പെട്ടു. സൈബർ ബുള്ളിയിംഗിനെതിരെ വിട്ടു വീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന അഹാനയുടെ ഈ മറുപടി ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.