
യുവതാരം നസ്ലിൻ നായകനാകുന്ന ‘മോളിവുഡ് ടൈംസ്’ എന്ന ചിത്രത്തിലെ ‘അപ്ന ഫ്രൈഡേ ആയേഗ’ എന്ന ആദ്യ ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ തുടങ്ങിയിരിക്കുകയാണ്. ഗാനരംഗത്തിൽ നസ്ലിൻ അവതരിപ്പിച്ച നൃത്തച്ചുവടുകളെക്കുറിച്ചാണ് സമ്മിശ്ര പ്രതികരണങ്ങൾ വരുന്നത്. നസ്ലിൻ തന്റെ മുൻപത്തെ ലുക്കുകളിൽ നിന്നും മാറി തികച്ചും വ്യത്യസ്തമായ സ്റ്റൈലിലാണ് ഈ ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്.
നസ്ലിൻ നൃത്തം ചെയ്യാൻ പരമാവധി ശ്രമിച്ചിട്ടുണ്ടെങ്കിലും ചുവടുകളിൽ ഒരു വഴക്കം (flow) കുറവാണെന്നാണ് ഒരു വിഭാഗം നെറ്റിസൺസ് അഭിപ്രായപ്പെടുന്നത്. ഈ ഗാനരംഗത്തിൽ നസ്ലിന് പകരം നടൻ ഷെയ്ൻ നിഗം ആയിരുന്നുവെങ്കിൽ ഡാൻസ് കൂടുതൽ മനോഹരമാകുമായിരുന്നു എന്നാണ് പലരും കമന്റ് ചെയ്യുന്നത്. മികച്ച രീതിയിൽ ഡാൻസ് ചെയ്യുന്ന യുവതാരങ്ങളിൽ ഒരാളാണ് ഷെയ്ൻ എന്നതിനാലാണ് ഇത്തരമൊരു താരതമ്യം വരുന്നത്.
അതേസമയം, നസ്ലിന്റെ ഈ പുതിയ പരീക്ഷണത്തെ അനുകൂലിക്കുന്നവരും കുറവല്ല. ചിത്രത്തിലെ കഥാപാത്രത്തിന് ആവശ്യമായ രീതിയിലുള്ള ഡാൻസ് ആയിരിക്കാം ഇതെന്നും നസ്ലിന്റെ പ്രയത്നം അഭിനന്ദനാർഹമാണെന്നും ഇവർ പറയുന്നു. ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മോളിവുഡ് ടൈംസ്’. നസ്ലിനെ കൂടാതെ സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.











