
പാലക്കാട് ഒരു ജ്വല്ലറി ഉദ്ഘാടന വേദിയിൽ വെച്ച് മഞ്ജു വാര്യരെ കടന്നുപിടിക്കുകയും ബലമായി ചുംബിക്കുകയും ചെയ്ത യുവതിയുടെ പ്രവൃത്തിയും അതിനോടുള്ള നടിയുടെ പ്രതികരണവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തിരക്കിനിടയിൽ വേദിയിലേക്ക് ഓടിക്കയറിയ ആരാധിക അപ്രതീക്ഷിതമായി നടിയെ കെട്ടിപ്പിടിച്ച് ചുംബിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരും അവതാരകയും ചേർന്ന് യുവതിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ മഞ്ജുവിനെ വിടാൻ തയ്യാറായില്ല. പിന്നീട് “അറിയാതെ സംഭവിച്ചുപോയതാണ്, അത്രയ്ക്കും ഇഷ്ടമായതുകൊണ്ടാണ്” എന്ന് യുവതി വിശദീകരണം നൽകി.
പെട്ടെന്നുണ്ടായ ഈ പ്രവൃത്തിയിൽ നടി ആദ്യം ഒന്ന് അമ്പരന്നെങ്കിലും, ഉടൻ തന്നെ പുഞ്ചിരിയോടെ സാഹചര്യം ശാന്തമാക്കുകയായിരുന്നു. പരിഭ്രാന്തയായ ആരാധികയെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ച മഞ്ജു, അവരുടെ സ്നേഹത്തെ മാനിക്കുന്നുവെന്ന് മറുപടി നൽകി. ആരാധന അതിരുകടന്നപ്പോൾ ഉണ്ടായ അസ്വസ്ഥത പ്രകടിപ്പിക്കാതെ, തികഞ്ഞ പക്വതയോടെയാണ് താരം അവരോട് സംസാരിച്ചത്. യുവതിയെ വേദിയിൽ നിന്നും മാറ്റാൻ ശ്രമിച്ച ബൗൺസേഴ്സിനോട് അവരെ ഉപദ്രവിക്കരുത് എന്ന രീതിയിൽ മഞ്ജു ആംഗ്യം കാണിച്ചതും ആരാധകരുടെ കൈയടി നേടി.
മഞ്ജു വാര്യരുടെ ഈ ഇടപെടലിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാൽ, സ്നേഹത്തിന്റെ പേരിലായാൽ പോലും ഒരാളുടെ അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിക്കുന്നത് ശരിയല്ലെന്നും, താരങ്ങളുടെ സുരക്ഷാ കാര്യത്തിൽ സംഘാടകർ കൂടുതൽ ശ്രദ്ധിക്കണമെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. ഏത് പ്രകോപന സാഹചര്യത്തിലും പതറാതെ നിൽക്കുന്ന മഞ്ജുവിന്റെ ‘ഗ്രേസ്’ ഒരിക്കൽ കൂടി തെളിയിക്കപ്പെട്ട സംഭവമായി ഇതിനെ ആരാധകർ വിലയിരുത്തുന്നു.











