അന്യഗ്രഹജീവിയായി അൽത്താഫ് സലിം, ഗംഭീര മേക്കോവറിൽ അജു; നീരജ് മാധവ് ചിത്രം ‘പ്ലൂട്ടോ’ ഗ്ലിംപ്സ് പുറത്ത്

മലയാള സിനിമയിൽ ഏറെ കൗതുകമുണർത്തുന്ന ഒരു പരീക്ഷണവുമായി എത്തുന്ന ‘പ്ലൂട്ടോ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംപ്സ് വീഡിയോ പുറത്തിറങ്ങി. നീരജ് മാധവ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നടനും സംവിധായകനുമായ അൽത്താഫ് സലിം ഒരു അന്യഗ്രഹജീവിയായി എത്തുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വിചിത്രമായ രൂപത്തിൽ ഭൂമിയിലെത്തുന്ന ഏലിയനും നീരജ് മാധവിന്റെ കഥാപാത്രവും തമ്മിലുള്ള കണ്ടുമുട്ടലാണ് ഗ്ലിംപ്സ് വീഡിയോയിൽ സൂചിപ്പിക്കുന്നത്.

ചിത്രത്തിൽ നടൻ അജു വർഗീസിന്റെ ഗംഭീര മേക്കോവറും ശ്രദ്ധ നേടുന്നുണ്ട്. ഇതുവരെ കണ്ടിട്ടില്ലാത്ത ലുക്കിലാണ് അജു ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ‘എങ്കിലും ചന്ദ്രികേ’ എന്ന സിനിമയ്ക്ക് ശേഷം ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ഈ ചിത്രം സൈൻസ് ഫിക്ഷനും കോമഡിയും കലർന്ന ഒരു എന്റർടെയ്‌നറായിരിക്കും. മഞ്ഞ നിറത്തിലുള്ള വിചിത്ര രൂപമായാണ് അൽത്താഫ് സലിം വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.

അർഷ ബൈജു നായികയാകുന്ന ചിത്രത്തിൽ സംവിധായകൻ ആദിത്യൻ ചന്ദ്രശേഖറും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ രെജുകുമാറാണ് ചിത്രം നിർമ്മിക്കുന്നത്. സായ് അഭ്യങ്കർ സംഗീതവും ആകാശ് പി.എസ്. ഛായാഗ്രഹണവും നിർവഹിക്കുന്നു. മലയാളത്തിൽ സൈൻസ് ഫിക്ഷൻ കോമഡി വിഭാഗത്തിൽ പുതിയൊരു അനുഭവം തന്നെയാകും ‘പ്ലൂട്ടോ’ എന്നാണ് ഗ്ലിംപ്സ് വീഡിയോ നൽകുന്ന സൂചന.