രാഷ്ട്രീയത്തിലേക്കുണ്ടോ? പിഷാരടി ജയിക്കുമോ? കുഞ്ചാക്കോ ബോബന്റെ മറുപടി ഇങ്ങനെ

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ തന്റെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ചും അടുത്ത സുഹൃത്തും സഹപ്രവർത്തകനുമായ രമേഷ് പിഷാരടിയുടെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചും മനസ്സ് തുറന്ന് നടൻ കുഞ്ചാക്കോ ബോബൻ. താൻ രാഷ്ട്രീയത്തിലേക്കില്ലെന്നും ജനങ്ങൾക്ക് നന്മ ചെയ്യുന്ന ഒരു നല്ല ഭരണം ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴ സെന്റ് മേരീസ് സ്കൂളിലെ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു താരത്തിന്റെ പ്രതികരണം.

രമേഷ് പിഷാരടി പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, അദ്ദേഹം വളരെ ആത്മാർത്ഥതയുള്ള വ്യക്തിയാണെന്നും അദ്ദേഹത്തെപ്പോലെയുള്ളവർ ജയിച്ചു വരണമെന്നുമാണ് തന്റെ ആഗ്രഹമെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. രാഷ്ട്രീയത്തിൽ പിഷാരടിയുടെ ചുവടുവെപ്പുകൾ കൃത്യമാണെന്നും ജനസേവനത്തിനായുള്ള അദ്ദേഹത്തിന്റെ താല്പര്യത്തെ ബഹുമാനിക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു. പിഷാരടി ജയിക്കുമോ എന്ന ചോദ്യത്തിന്, ജനങ്ങളാണ് അത് തീരുമാനിക്കേണ്ടതെന്നും എന്നാൽ തന്റെ പൂർണ്ണ പിന്തുണ അദ്ദേഹത്തിനുണ്ടെന്നും അദ്ദേഹം മറുപടി നൽകി.

തുടർഭരണമാണോ ഭരണമാറ്റമാണോ ഉണ്ടാകുക എന്ന ചോദ്യത്തിന് വളരെ ഡിപ്ലോമാറ്റിക് ആയാണ് കുഞ്ചാക്കോ ബോബൻ മറുപടി നൽകിയത്. “തുടർഭരണം ആയാലും അല്ലെങ്കിലും നാടിനും ജനങ്ങൾക്കും നന്മ ചെയ്യുന്ന ഒരു ഗവൺമെന്റ് ഉണ്ടാകട്ടെ. നല്ല വ്യക്തിത്വങ്ങൾ ജയിച്ചു വരണം. ജനാധിപത്യത്തിന്റെ ഈ വലിയ ഉത്സവത്തിൽ പങ്കുചേരാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്,” താരം പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ വിവാദങ്ങളിൽ നിന്ന് വിട്ടുനിൽക്കാറുള്ള താരം, വോട്ട് രേഖപ്പെടുത്തുന്നത് ഓരോ പൗരന്റെയും കടമയാണെന്നും ഓർമ്മിപ്പിച്ചു.