ഷാജി കൈലാസ്–ജോജു ജോർജ് ചിത്രം ‘വരവ്’: തീപാറുന്ന ലുക്കുമായി ‘പോളച്ചൻ’; ചിത്രം മേയ് ഒന്നിന്

ആക്ഷൻ സിനിമകളുടെ തമ്പുരാൻ ഷാജി കൈലാസും കരുത്തുറ്റ വേഷങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന ‘വരവ്’ (Varavu) എന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. തീപാറുന്ന ലുക്കിലുള്ള ‘പോളച്ചൻ’ എന്ന കഥാപാത്രമായാണ് ജോജു ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മമ്മൂട്ടി-മോഹൻലാൽ ചിത്രം ‘പേട്രിയറ്റി’നൊപ്പം മേയ് ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും.

മലയോര മേഖലയുടെ പശ്ചാത്തലത്തിൽ പോളി എന്ന് വിളിപ്പേരുള്ള പോളച്ചന്റെ ജീവിത പോരാട്ടങ്ങളുടെയും പ്രതികാരത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ആക്ഷൻ രംഗങ്ങൾക്ക് അതീവ പ്രാധാന്യമുള്ള ചിത്രത്തിൽ സൗത്ത് ഇന്ത്യയിലെ പ്രമുഖരായ ഏഴ് സ്റ്റണ്ട് മാസ്റ്റർമാരാണ് അണിനിരക്കുന്നത്. സ്റ്റണ്ട് സിൽവ, കലൈ കിംഗ്സൺ, ഫീനിക്സ് പ്രഭു, രാജശേഖർ മാസ്റ്റർ, തവസി മാസ്റ്റർ, മാഫിയ ശശി, ജാക്കി ജോൺസൺ എന്നിവർ ചേർന്ന് ഒരുക്കുന്ന സംഘട്ടന രംഗങ്ങൾ ചിത്രത്തിന്റെ വലിയ പ്രത്യേകതയായിരിക്കും.

മലയാളത്തിന്റെ ആക്ഷൻ റാണി വാണി വിശ്വനാഥ് വീണ്ടും ഷാജി കൈലാസ് ചിത്രത്തിന്റെ ഭാഗമാകുന്നു എന്നതും ‘വരവി’ന്റെ ആകർഷണമാണ്. സുകന്യ, മുരളി ഗോപി, അർജുൻ അശോകൻ, വിൻസി അലോഷ്യസ്, സാനിയ അയ്യപ്പൻ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. എ.കെ. സാജൻ തിരക്കഥയൊരുക്കുന്ന ചിത്രം ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് നിർമ്മിക്കുന്നത്. സാം സി.എസ്. ആണ് സംഗീതം.