‘ജാനിയെ കയ്യിൽ കിട്ടിയപ്പോഴുണ്ടായ അതേ വികാരം’; മകളുടെ സർപ്രൈസിൽ കണ്ണ് നിറഞ്ഞ് മഞ്ജു പിള്ള

മലയാളികളുടെ പ്രിയ താരം മഞ്ജു പിള്ളയുടെ പിറന്നാളിനോടനുബന്ധിച്ച് മകൾ ദയ സുജിത്ത് ഒരുക്കിയ അപ്രതീക്ഷിത സർപ്രൈസ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. മെയ് പത്തിനാണ് മഞ്ജുവിന്റെ പിറന്നാളെങ്കിലും, ആ ദിവസം താൻ നാട്ടിൽ ഇല്ലാത്തതിനാലാണ് ദിവസങ്ങൾക്കു മുൻപേ മകൾ സർപ്രൈസ് പാർട്ടി ഒരുക്കിയത്. തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ വെച്ച് നടന്ന ആഘോഷത്തെക്കുറിച്ച് മഞ്ജുവിന് യാതൊരു അറിവുമുണ്ടായിരുന്നില്ല. മഞ്ജുവിന്റെ അടുത്ത സുഹൃത്തുക്കളും ആഘോഷത്തിൽ പങ്കുചേർന്നു.

ചടങ്ങിൽ വെച്ച് ദയ നൽകിയ ഒരു പ്രത്യേക സമ്മാനമാണ് മഞ്ജുവിനെ ഏറെ വികാരാധീനയാക്കിയത്. തന്റെ സമ്പാദ്യത്തിൽ നിന്നും പണം മാറ്റിവെച്ച് ദയ അമ്മയ്ക്കായി വാങ്ങിയ ലക്ഷ്വറി ബ്രാൻഡായ വൈഎസ്എൽ (YSL) ലിപ്സ്റ്റിക് ആയിരുന്നു ആ സമ്മാനം. മകളുടെ സ്നേഹവും കരുതലും കണ്ട് മഞ്ജുവിന്റെ കണ്ണ് നിറഞ്ഞു. “ജാനി (ദയ) ജനിച്ച ശേഷം അവളെ ആദ്യമായി കയ്യിൽ കിട്ടിയപ്പോൾ തോന്നിയ അതേ വികാരമാണ് ഇപ്പോൾ തോന്നുന്നത്” എന്ന് മഞ്ജു പറഞ്ഞു.

മകളുടെ വളർച്ചയിലും അവൾ കാണിക്കുന്ന പക്വതയിലും താൻ ഏറെ അഭിമാനിക്കുന്നുണ്ടെന്ന് മഞ്ജു കൂട്ടിച്ചേർത്തു. അമ്മയുടെ വൈകാരിക നിമിഷങ്ങളെ ദയ തമാശ കലർന്ന മറുപടികളിലൂടെയാണ് നേരിട്ടത്. മകൾ ഒരു തൂവാല സമ്മാനമായി നൽകിയാൽ പോലും ഇതേ വികാരം തന്നെയാകും തനിക്കുണ്ടാകുകയെന്ന് മഞ്ജു മറുപടി നൽകി. അമ്മയും മകളും തമ്മിലുള്ള ഈ സുന്ദര നിമിഷങ്ങളുടെ വീഡിയോ ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാണ്.