
തന്റെ പുതിയ ചിത്രമായ ‘പേട്രിയറ്റി’ന്റെ (Patriot) പ്രചാരണത്തിനായി തമിഴ്നാട്ടിൽ എത്തിയതായിരുന്നു മമ്മൂട്ടി. ഇതിനിടെ മാധ്യമപ്രവർത്തകർ രാഷ്ട്രീയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉയർത്തുകയും തമിഴ് താരം വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് അഭിപ്രായം ചോദിക്കുകയും ചെയ്തു. ‘വിജയ്യുടെ രാഷ്ട്രീയത്തെ എങ്ങനെ നോക്കിക്കാണുന്നു?’ എന്ന ചോദ്യത്തിന് “ഒന്നുമേ തെരിയാത്” (ഒന്നും അറിയില്ല) എന്നായിരുന്നു മമ്മൂട്ടിയുടെ പെട്ടെന്നുള്ള പ്രതികരണം.
മമ്മൂട്ടിയുടെ ഈ ചുരുങ്ങിയ മറുപടി നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. രാഷ്ട്രീയ കാര്യങ്ങളിൽ പക്വമായ നിലപാട് സ്വീകരിക്കുന്ന താരം, അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാനാണ് ഇത്തരമൊരു മറുപടി നൽകിയതെന്നാണ് ആരാധകരുടെ പക്ഷം. വിജയ്യുടെ രാഷ്ട്രീയ പ്രവേശനം തമിഴകത്ത് വലിയ ചർച്ചയായിരിക്കെ, മമ്മൂട്ടിയെപ്പോലൊരു മുതിർന്ന താരം നൽകിയ ഈ അപ്രതീക്ഷിത മറുപടി തമിഴ്-മലയാളം മാധ്യമങ്ങളിൽ വലിയ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ബിഗ് ബജറ്റ് ചിത്രമായ പേട്രിയറ്റിൽ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്നതിന്റെ ആവേശത്തിലാണ് സിനിമാ ലോകം. മെയ് ഒന്നിന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് താരം ഇപ്പോൾ.











