നീ എല്ലാത്തിലും വിദഗ്ധനാണ്! വിക്കി കൗശലിന് കത്രീനയുടെ ജന്മദിനാശംസകൾ; മകൻ വിഹാനൊപ്പം ആഘോഷം

ബോളിവുഡ് താരം വിക്കി കൗശലിന്റെ മുപ്പത്തിയെട്ടാം ജന്മദിനം ഏറെ സവിശേഷമായി ആഘോഷമാക്കി ഭാര്യയും നടിയുമായ കത്രീന കൈഫ്. ഇത്തവണത്തെ ജന്മദിനാഘോഷം ഏറെ സവിശേഷമാക്കുന്നത് ഇവരുടെ മകൻ വിഹാൻ കൗശലിന്റെ സാന്നിധ്യമാണ്. കഴിഞ്ഞ വർഷം നവംബറിലാണ് വിക്കിക്കും കത്രീനയ്ക്കും ആൺകുഞ്ഞ് ജനിക്കുന്നത്. മകൻ ജനിച്ചതിന് ശേഷമുള്ള വിക്കിയുടെ ആദ്യ ജന്മദിനമായതിനാൽ വളരെ ഹൃദ്യമായൊരു കുറിപ്പും കുടുംബചിത്രങ്ങളും പങ്കുവെച്ചുകൊണ്ടാണ് കത്രീന പ്രിയതമന് ആശംസകൾ നേർന്നത്.

വിക്കിയുടെ ജന്മദിനത്തിൽ കത്രീന ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളിൽ മകൻ വിഹാന്റെ ആദ്യത്തെ സോഷ്യൽ മീഡിയ സാന്നിധ്യവും ആരാധകർക്ക് കാണാനായി. കുഞ്ഞിന്റെ മുഖം വ്യക്തമാക്കാത്ത രീതിയിലുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. ഒപ്പം “ഹാപ്പി ബർത്ത്ഡേ പപ്പാ” എന്ന് എഴുതിയ മനോഹരമായ ഒരു കേക്കിന്റെ ചിത്രവും കത്രീന പോസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി തന്റെ കരുത്തും വെളിച്ചവുമായി കൂടെയുള്ളത് വിക്കിയാണെന്നും ഈ കൊച്ചു മാലാഖയ്ക്കൊപ്പം ജന്മദിനം ആഘോഷിക്കാൻ കഴിഞ്ഞതിൽ ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്നും കത്രീന കുറിച്ചു.

വിക്കിയെ തമാശരൂപേണ പരിഹസിച്ചുകൊണ്ടുള്ള കത്രീനയുടെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്. “ഒരുപക്ഷേ നിനക്ക് കൃത്യമായി അറിയാത്ത കാര്യങ്ങളെക്കുറിച്ച് പോലും ഞാൻ ചോദിക്കുന്ന അനന്തമായ ചോദ്യങ്ങൾക്ക് നീ മറുപടി നൽകാറുണ്ട്. ഇതിലൂടെ നീ ഇപ്പോൾ പുരാണം, എഐ (AI), വാട്ടർപ്രൂഫിംഗ്, മേക്കപ്പ്, ആരോഗ്യം, ബിസിനസ്സ് തുടങ്ങി എല്ലാ കാര്യങ്ങളിലും വിദഗ്ധനായിക്കഴിഞ്ഞു! അതുകൊണ്ട് രാവിലെ നീ ഉണരുന്നതിനും എന്റെ ചോദ്യങ്ങൾ ആരംഭിക്കുന്നതിനും ഇടയിൽ ഒരു ബ്ലാക്ക് കോഫി കുടിക്കാനുള്ള അധിക സമയം ഈ ജന്മദിനത്തിൽ നിനക്ക് ലഭിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു,” കത്രീന കുറിച്ചു. ബോളിവുഡ് താരങ്ങളായ കരീന കപൂർ, സോനാക്ഷി സിൻഹ ഉൾപ്പെടെ നിരവധി പ്രമുഖരും ആരാധകരും വിക്കിക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്.