
ഐഎംഡിബിയുടെ റിപ്പോർട്ട് പ്രകാരം റിലീസിനൊരുങ്ങുന്ന ഇന്ത്യൻ ചിത്രങ്ങളിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഒന്നാണ് മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ‘ദായ്‌റ’. പൃഥ്വിരാജും കരീന കപൂറും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഈ ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ജംഗ്ലീ പിക്‌ചേഴ്‌സും പെൻ സ്റ്റുഡിയോസും സംയുക്തമായാണ് നിർമ്മിക്കുന്നത്. സെപ്റ്റംബർ 18-ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തും. ഇതിന്റെ ഔദ്യോഗിക ട്രെയിലർ ഓഗസ്റ്റ് 31-ന് റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
ആനുകാലിക സംഭവങ്ങളുടെ നേർക്കാഴ്ച്ചയാണ് ‘ദായ്‌റ’ സമ്മാനിക്കുന്നത്. സമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്ന ഒരു കുറ്റകൃത്യവും അതിനെത്തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഏറെ നാളുകൾക്ക് ശേഷമാണ് പൃഥ്വിരാജ് ഒരു പൊലീസ് വേഷത്തിൽ എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘റാസി’, ‘തൽവാർ’, ‘സാം ബഹാദൂർ’ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾ ഒരുക്കിയ മേഘ്‌ന ഗുൽസാറിനൊപ്പം യഷ് കേശവാനിയും സീമ അഗർവാളും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ തിരക്കഥ കേട്ടപ്പോൾ തന്നെ താൻ ചെയ്യാൻ ഉറപ്പിച്ചതാണെന്ന് പൃഥ്വിരാജ് നേരത്തെ വ്യക്തമാക്കിയിരുന്നു. കഥ പുരോഗമിക്കുമ്പോൾ തന്റെ കഥാപാത്രവും അയാൾ ചെയ്യുന്ന കാര്യങ്ങളും തന്നെ പൂർണ്ണമായി ആകർഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മേഘ്‌ന ഗുൽസാറിന്റെ സംവിധാനത്തിൽ കരീന കപൂറിനൊപ്പം പ്രവർത്തിക്കാൻ കഴിയുന്നത് വലിയൊരു അനുഭവമായിരിക്കുമെന്നും ചിത്രത്തിന്റെ ലോഞ്ചിങ് വേളയിൽ താരം സൂചിപ്പിച്ചിരുന്നു. ചിത്രത്തിന്റെ പി.ആർ.ഒ സതീഷ് എരിയാളത്ത് ആണ്.












