
വിജയ് ദേവരകൊണ്ടയെ നായകനാക്കി രാഹുൽ സങ്കൃത്യൻ സംവിധാനം ചെയ്യുന്ന പീരിയഡ് ആക്ഷൻ ഡ്രാമ ‘രണബാലി’യുടെ ടീസർ അപ്ഡേറ്റ് പുറത്ത്. സെപ്റ്റംബർ 9ന് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. നേരത്തെ സെപ്റ്റംബർ 11ന് തിയറ്ററുകളിൽ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം പിന്നീട് റിലീസ് മാറ്റിവെക്കുകയായിരുന്നു. ഒക്ടോബർ 16 ആണ് പുതിയ റിലീസ് തീയതി.
രശ്മിക മന്ദാന നായികയാകുന്ന ‘രണബാലി’, വിജയ് ദേവരകൊണ്ടയും രശ്മികയും വിവാഹശേഷം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ്. മൈത്രി മൂവി മേക്കേഴ്സ് നിർമിക്കുന്ന ചിത്രം വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്. പത്തൊൻപതാം നൂറ്റാണ്ടിലെ യഥാർഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയുള്ള സിനിമയാണിതെന്നാണ് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നത്.
രണബാലിയും ജയമ്മയും തമ്മിലുള്ള പ്രണയകഥയെ മുൻനിർത്തിയുള്ള സർപ്രൈസ് വീഡിയോ നേരത്തെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ ടൈറ്റിൽ, ഫസ്റ്റ് ഗ്ലിംപ്സ്, വെഡ്ഡിങ് പോസ്റ്റർ എന്നിവയും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ നടന്നതും ചരിത്രപുസ്തകങ്ങളിൽ വേണ്ടത്ര ഇടം ലഭിക്കാത്തതുമായ ക്രൂരതകളും വംശഹത്യകളും സാമ്പത്തിക ചൂഷണവുമാണ് ചിത്രം പ്രമേയമാക്കുന്നതെന്നാണ് സൂചന.
ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ നയങ്ങൾ ഇന്ത്യയിലെ ക്ഷാമത്തെയും ജനജീവിതത്തെയും എങ്ങനെ ബാധിച്ചുവെന്നതും ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സർ റിച്ചാർഡ് ടെമ്പിളിനെപ്പോലുള്ള ഉദ്യോഗസ്ഥരുടെ കാലഘട്ടവുമായി ബന്ധപ്പെട്ട ചരിത്രവസ്തുതകളും സിനിമയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.
‘രണബാലി’ എന്ന പോരാളിയായാണ് വിജയ് ദേവരകൊണ്ട ചിത്രത്തിൽ എത്തുന്നത്. തീപ്പൊരി ലുക്കിലുള്ള താരത്തിന്റെ കഥാപാത്രം ഇതിനോടകം ആരാധകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. രശ്മിക മന്ദാന ജയമ്മയായും എത്തുന്നു. ‘ദി മമ്മി’യിലൂടെ ശ്രദ്ധ നേടിയ ഹോളിവുഡ് താരം അർനോൾഡ് വോസ്ലൂ ആണ് ചിത്രത്തിലെ പ്രധാന വില്ലൻ. സർ തിയോഡോർ ഹെക്ടർ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് അദ്ദേഹം എത്തുന്നത്.
മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി-സീരീസ് എന്നിവർ ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ‘രണബാലി’ ഒരു ബയോപിക് അല്ലെന്നും മറച്ചുവെക്കപ്പെട്ട ചരിത്രരേഖകളുടെയും വാമൊഴി ചരിത്രങ്ങളുടെയും സിനിമാറ്റിക് പുനരാവിഷ്കാരമാണെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. പാൻ-ഇന്ത്യൻ റിലീസായി എത്തുന്ന ‘രണബാലി’ വമ്പൻ താരനിരയും ചരിത്ര പശ്ചാത്തലവും പ്രമേയമാക്കിയുള്ള അവതരണവും കൊണ്ട് ഇന്ത്യൻ സിനിമയിൽ തന്നെ ശ്രദ്ധേയമായ പ്രോജക്റ്റായി മാറുമെന്നാണ് പ്രതീക്ഷ.












