അച്ഛന്റെ പാതയിൽ വിസ്മയയും; അരങ്ങേറ്റ ചിത്രം ‘തുടക്കം’ 50 കോടി ക്ലബ്ബിൽ

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിച്ച ‘തുടക്കം’ ബോക്സ് ഓഫീസിൽ 50 കോടി ക്ലബ്ബിൽ ഇടംനേടി. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ പുറത്തിറങ്ങിയ ചിത്രം തിയേറ്ററുകളിൽ 35 ദിവസം പിന്നിടുമ്പോഴാണ് ഈ നേട്ടം കൈവരിച്ചത്. ഏകദേശം 18 കോടി മുടക്കുമുതലിൽ ഒരുക്കിയ ചിത്രം ആഗോളതലത്തിൽ ഇതിനോടകം 50 കോടിയിലധികം രൂപയാണ് കളക്ട് ചെയ്തത്.

സഹോദരൻ പ്രണവ് മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമായ ‘ആദി’ക്ക് പിന്നാലെയാണ് വിസ്മയയും തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ 50 കോടി ക്ലബ്ബിലെത്തിയിരിക്കുന്നത്. ‘ആദി’യും നിർമിച്ചത് ആശിർവാദ് സിനിമാസ് തന്നെയായിരുന്നു. പ്രണവിനെപ്പോലെ വിസ്മയയും ചിത്രത്തിൽ മാർഷ്യൽ ആർട്സ് രംഗങ്ങളിലൂടെയാണ് ശ്രദ്ധനേടിയത്. മ്വായ് തായ് ശൈലിയിലാണ് ചിത്രത്തിലെ സംഘട്ടനരംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. യാനിക് ബെന്നും സ്റ്റണ്ട് സിൽവയും ചേർന്നാണ് ഫൈറ്റ് കൊറിയോഗ്രാഫി നിർവഹിച്ചത്. ചിത്രത്തിൽ മീനു എന്ന കഥാപാത്രത്തെയാണ് വിസ്മയ അവതരിപ്പിച്ചത്.

മോഹൻലാൽ ചിത്രങ്ങളായ ‘ദൃശ്യ’ത്തിന് ശേഷം ജീത്തു ജോസഫ് ഒരുക്കിയ ‘ആദി’, ‘2018’ ന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘തുടക്കം’ എന്നീ രണ്ട് ചിത്രങ്ങളിലും മോഹൻലാലിന്റെ സാന്നിധ്യമുണ്ടായിരുന്നു എന്നതും പ്രത്യേകതയാണ്. ‘ആദി’യിൽ അതിഥി വേഷത്തിലാണ് എത്തിയതെങ്കിൽ ‘തുടക്ക’ത്തിൽ അല്പം കൂടി പ്രാധാന്യമുള്ള വേഷമാണ് താരം കൈകാര്യം ചെയ്തത്.

ചിത്രത്തിന്റെ ഒ.ടി.ടി റിലീസും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 18 മുതൽ ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. ജൂഡ് ആന്തണി ജോസഫ്, അഖിൽ കൃഷ്ണ, ലിനീഷ് നെല്ലിക്കൽ എന്നിവർ ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രത്തിൽ നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയാണ് പ്രധാന വില്ലൻ വേഷത്തിലെത്തിയത്. ഓഗസ്റ്റ് ഏഴിനാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.