‘ടൈറ്റൻസ്’ ട്രെയിലർ പുറത്ത്; ഫാന്റസി കോമഡിയുമായി ജയസൂര്യയും വിനായകനും

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിൽ ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘ടൈറ്റൻസ്’ (Titans) ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. വേറിട്ട ലുക്കിലും കഥാപാത്ര പശ്ചാത്തലത്തിലും ഇരുതാരങ്ങളും എത്തുന്ന ചിത്രം ഒരു സമ്പൂർണ്ണ ഫാന്റസി കോമഡി എൻറർടെയ്നറായാണ് അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകരിൽ വലിയ കൗതുകമുണർത്തുന്ന ദൃശ്യാവിഷ്കാരമാണ് ട്രെയിലറിലുടനീളം നൽകിയിരിക്കുന്നത്.

TITANS TRAILER

പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം ‘അബ്രഹാം ഓസ്‌ലർ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസും ഇർഷാദ് എം. ഹസനും ചേർന്ന് ‘നേരമ്പോക്ക് പ്രൊഡക്ഷൻസ്’ ബാനറിലാണ് നിർമ്മിക്കുന്നത്. ജെയിംസ് സെബാസ്റ്റ്യൻ തിരക്കഥ രചിച്ച ഈ ചിത്രത്തിൽ ബേബി ജീൻ, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ, മണികണ്ഠൻ ആചാരി, നിഹാൽ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. കലർപ്പില്ലാത്ത തമാശയും വേറിട്ട ഫാന്റസി ലോകവും സമ്മാനിക്കുന്ന ഈ ചിത്രം ഒക്ടോബറിൽ തന്നെ തിയേറ്ററുകളിലേക്ക് എത്തും. വൻ താരനിരയും വിഎഫ്എക്സ് സാങ്കേതികവിദ്യയും സമന്യിക്കുന്ന ഈ ചിത്രം ബിഗ് സ്‌ക്രീനിൽ മികച്ചൊരു കാഴ്ചാനുഭവം ആകുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.