
മലയാള സിനിമയിൽ ശക്തമായ സാന്നിധ്യമാകാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ സിനിമാ കമ്പനി. ഒരു മാസത്തിനിടെ മൂന്ന് ചിത്രങ്ങളുടെ നിർമ്മാണത്തിന് തുടക്കമിട്ടിരിക്കുകയാണ് ടിപ്പുഷാൻ വി.ഇ, ഷിയാസ് ഹസൻ എന്നിവർ നേതൃത്വം നൽകുന്ന നിർമ്മാണ കമ്പനി. മൂന്ന് നവാഗത സംവിധായകർക്ക് അവസരം നൽകിക്കൊണ്ടാണ് ഒരേസമയം മൂന്ന് പ്രോജക്ടുകളുമായി ഇന്ത്യൻ സിനിമാ കമ്പനി എത്തുന്നത്.
പ്രശസ്ത സംവിധായകൻ ജീത്തു ജോസഫിന്റെ സംവിധാന സഹായിയായിരുന്ന രേഷ്മ ശിവകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഏറ്റവും പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ അഞ്ചാമത്തെ പ്രൊഡക്ഷനായ ചിത്രത്തിന് ‘അക്ഷരംപ്രതി’ എന്നാണ് പേരിട്ടിരിക്കുന്നത്. ബേബി ജീൻ നായകനാകുന്ന ചിത്രത്തിലൂടെ അദ്ദേഹം ആദ്യമായി നായക വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിലെ മറ്റ് താരങ്ങളെയും അണിയറ പ്രവർത്തകരെയും സംബന്ധിച്ച വിവരങ്ങൾ വൈകാതെ പുറത്തുവിടും. ചിത്രീകരണം ഉടൻ ആരംഭിക്കാനാണ് തീരുമാനം.
വ്യത്യസ്ത പ്രമേയങ്ങളാണ് ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഒരുങ്ങുന്ന മൂന്ന് ചിത്രങ്ങളും അവതരിപ്പിക്കുന്നത്. നവാഗതനായ ജിതേഷ് എസ്. റാം സംവിധാനം ചെയ്യുന്ന പ്രൊഡക്ഷൻ നമ്പർ 3, ഗിരീഷ് എ.ഡി.യുടെ ചീഫ് അസോസിയേറ്റായി പ്രവർത്തിച്ചിട്ടുള്ള രോഹിത് ചന്ദ്രശേഖർ ഒരുക്കുന്ന പ്രൊഡക്ഷൻ നമ്പർ 4 എന്നിവയുടെ ചിത്രീകരണവും അടുത്തിടെ ആരംഭിച്ചിരുന്നു. ജിതേഷ് റാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷറഫുദ്ദീൻ നായകനാകുന്നു. അലൻ ബിൻ സിറാജും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു ഫാമിലി എന്റർടെയ്നറാണ്. മൈസൂരിൽ ചിത്രീകരണം ആരംഭിച്ച സിനിമ നിലവിൽ അവസാന ഘട്ടത്തിലാണ്.
പുതുമുഖങ്ങൾ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പ്രണയകഥയാണ് രോഹിത് ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രമേയം. കിരൺ കെ.എസ്. ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ നിർമ്മിച്ചുകൊണ്ടാണ് ഇന്ത്യൻ സിനിമാ കമ്പനി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയ ചിത്രത്തിന് ശേഷം, കൂടുതൽ പ്രതിഭാധനരായ നവാഗത സംവിധായകരെയും താരങ്ങളെയും മലയാള സിനിമയ്ക്ക് പരിചയപ്പെടുത്താനുള്ള ഒരുക്കത്തിലാണ് നിർമ്മാണ കമ്പനി.
പുതുമയുള്ള പ്രമേയങ്ങളുമായി കൂടുതൽ ചിത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുകയാണ് ഇന്ത്യൻ സിനിമാ കമ്പനിയുടെ ലക്ഷ്യം. ‘അക്ഷരംപ്രതി’ ഉൾപ്പെടെയുള്ള പുതിയ പ്രോജക്ടുകളിലൂടെ മലയാള സിനിമയിൽ തങ്ങളുടേതായ ഇടം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് നിർമ്മാതാക്കൾ.












