ബേബി ജീൻ നായകനാകുന്ന ‘അക്ഷരംപ്രതി’; മൂന്ന് പുതിയ സിനിമകളുമായി ഇന്ത്യൻ സിനിമാ കമ്പനി

പ്രശസ്ത ഇൻഡിപെൻഡന്റ് റാപ്പറായ ബേബി ജീൻ (Baby Jean) പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘അക്ഷരംപ്രതി’ പ്രഖ്യാപിച്ചു. ടൊവിനോ തോമസ് നായകനായ ‘നരിവേട്ട’യ്ക്ക് ശേഷം ടിപ്പുഷാൻ വി. ഇ, ഷിയാസ് ഹസൻ എന്നിവരുടെ നേതൃത്വത്തിലുള്ള ‘ഇന്ത്യൻ സിനിമാ കമ്പനി’ നിർമ്മിക്കുന്ന പ്രൊഡക്ഷൻ നമ്പർ 5 ചിത്രമാണിത്. ജിത്തു ജോസഫിന്റെ മുൻ അസിസ്റ്റന്റായ രേഷ്മ ശിവകുമാർ ഈ ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായികയായി അരങ്ങേറുന്നു.

കേവലം ഒരു മാസത്തിനിടെ മൂന്ന് നവാഗത സംവിധായകരുടെ ചിത്രങ്ങളുടെ നിർമ്മാണം പ്രഖ്യാപിച്ചുകൊണ്ട് മലയാള സിനിമയിൽ ശക്തമായ സാന്നിധ്യമാകാൻ ഒരുങ്ങുകയാണ് ഇന്ത്യൻ സിനിമാ കമ്പനി. ‘അക്ഷരംപ്രതി’ക്ക് പുറമെ ഷറഫുദ്ദീൻ നായകനാകുന്ന ജിതേഷ് എസ്. റാം സംവിധാനം ചെയ്യുന്ന കുടുംബചിത്രവും, ഗിരീഷ് എ.ഡി.യുടെ അസോസിയേറ്റായിരുന്ന രോഹിത് ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന പ്രണയചിത്രവുമാണ് നിർമ്മാണത്തിലുളള മറ്റ് പദ്ധതികൾ.

നവാഗതരായ സിനിമാപ്രവർത്തകർക്കും വ്യത്യസ്തമായ പ്രമേയങ്ങൾക്കും പ്രാധാന്യം നൽകുന്ന ഈ ചിത്രങ്ങളിലൂടെ യുവ തലമുറയ്ക്ക് മികച്ച അവസരങ്ങളാണ് നിർമ്മാണ കമ്പനി ഒരുക്കുന്നത്. ഗ്രേസ് ആന്റണി, ശരത് സഭ, ചന്തു സലീംകുമാർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ‘അക്ഷരംപ്രതി’യുടെ കൂടുതൽ വിവരങ്ങളും മറ്റ് അഭിനേതാക്കളുടെ പട്ടികയും ഉടൻ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.