ജയസൂര്യയുടെ ‘മായൻ ചാപ്റ്റർ 1’; നിഗൂഢതയുണർത്തി പുതിയ പോസ്റ്റർ, ടീസർ ഉടൻ

ജയസൂര്യയെ നായകനാക്കി ജിതിൻ കെ. ജോസ് ഒരുക്കുന്ന മിസ്റ്ററി ത്രില്ലർ ചിത്രം ‘മായൻ ചാപ്റ്റർ 1’ന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിന്റെ ടീസർ ഉടൻ പ്രേക്ഷകരിലേക്ക് എത്തുമെന്ന പ്രഖ്യാപനവും അണിയറപ്രവർത്തകർ നടത്തിയിട്ടുണ്ട്. ‘ബിയോണ്ട് ദ ഷാഡോസ്’ എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രം ഡിസംബർ 3ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.

പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്ന ജയസൂര്യയാണ് പുതിയ പോസ്റ്ററിലെ ശ്രദ്ധാകേന്ദ്രം. ഇരുണ്ട പശ്ചാത്തലവും തകർന്ന ചില്ലുകൾക്കിടയിൽ തെളിയുന്ന താരത്തിന്റെ തീവ്രമായ ഭാവവും ചിത്രത്തിന്റെ നിഗൂഢ സ്വഭാവത്തിലേക്ക് വിരൽചൂണ്ടുന്നു. നേരത്തെ പുറത്തിറങ്ങിയ ടൈറ്റിൽ വീഡിയോയും പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. ടീസർ ഉടൻ എത്തുമെന്ന പ്രഖ്യാപനം കൂടി വന്നതോടെ ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ചും ജയസൂര്യയുടെ കഥാപാത്രത്തെക്കുറിച്ചുമുള്ള ആകാംക്ഷ വർധിച്ചിരിക്കുകയാണ്.

മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദനാണ് ചിത്രം നിർമിക്കുന്നത്. ചിത്രീകരണം പൂർത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ‘കളങ്കാവൽ’ എന്ന ചിത്രത്തിന് ശേഷം ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന സിനിമയെന്ന പ്രത്യേകതയും ‘മായൻ ചാപ്റ്റർ 1’നുണ്ട്. ‘ഓർഡിനറി’, ‘അനാർക്കലി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാജീവ് ഗോവിന്ദന്റെ നിർമാണ കമ്പനിയിൽ നിന്നുള്ള മൂന്നാമത്തെ ചിത്രമാണിത്. റാഫിയും ജിതിൻ കെ. ജോസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. നൈല ഉഷയാണ് നായിക. വിജയ് ബാബു, ഐശ്വര്യ രാജ്, ജിബിൻ ഗോപിനാഥ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

പുരാതന വിശ്വാസങ്ങളും രഹസ്യ ആചാരങ്ങളും ആഗോള പശ്ചാത്തലവും സമന്വയിക്കുന്ന കഥാലോകമാണ് ചിത്രം അവതരിപ്പിക്കുന്നതെന്നാണ് പുറത്തുവരുന്ന സൂചനകൾ. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിഞ്ഞുകിടക്കുന്ന ശക്തികളും തമ്മിലുള്ള ബന്ധം ചിത്രത്തിന്റെ പ്രമേയത്തിലുണ്ടാകുമെന്ന റിപ്പോർട്ടുകളും ശ്രദ്ധ നേടിയിട്ടുണ്ട്. കേരളത്തിലെ ചില പുരാതന ക്രിസ്തീയ കുടുംബങ്ങളുമായി ബന്ധപ്പെടുത്തി പറയപ്പെടുന്ന ‘കറുത്തച്ചനൂട്ട്’ എന്ന ദുർമന്ത്രവാദ രീതിയും ചിത്രത്തിന്റെ കഥയുമായി ബന്ധപ്പെട്ടിരിക്കാമെന്ന തരത്തിൽ ചർച്ചകൾ ഉയർന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

നിഗൂഢതയും സസ്പെൻസും നിറഞ്ഞ കഥാപരിസരത്തിലൂടെ പ്രേക്ഷകർക്ക് വ്യത്യസ്തമായ സിനിമാനുഭവം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ‘മായൻ ചാപ്റ്റർ 1’. ടീസർ പുറത്തുവരുന്നതോടെ ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ച് കൂടുതൽ സൂചനകൾ ലഭിക്കുമെന്നാണ് ആരാധകർ കരുതുന്നത്.

അണിയറപ്രവർത്തകർ: ഛായാഗ്രഹണം ഫൈസൽ അലി, സംഗീതം മുജീബ് മജീദ്, എഡിറ്റിംഗ് പ്രവീൺ പ്രഭാകർ. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ സുനിൽ ദാസ്, ലൈൻ പ്രൊഡ്യൂസർ രോഹിത് ആർ. നായർ. കോസ്റ്റ്യൂം സമീറ സനീഷ്, മേക്കപ്പ് അമൽ ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബോസ് വി. വരികൾ രാജീവ് ഗോവിന്ദനും ജിതിൻ കെ. ജോസും. കോ-റൈറ്റർ ശ്രീഖിൽ ശ്രീനിവാസൻ, സ്റ്റിൽസ് സിനത് സേവ്യർ, പ്രോജക്ട് ഡിസൈനർ ആന്റണി സ്റ്റീഫൻ. പി.ആർ.ഒമാർ വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ, വിപിൻ കുമാർ വി. എന്നിവരാണ്.