
സൗത്ത് ഇന്ത്യൻ സിനിമയിൽ ശ്രദ്ധേയ സാന്നിധ്യമായി മാറിയ രശ്മിക മന്ദാനയുടെ പുതിയ ചിത്രം ‘മൈസ’ റിലീസിനൊരുങ്ങുന്നു. ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ വേഷത്തിലാണ് താരം ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ വിതരണാവകാശം തിങ്ക് സ്റ്റുഡിയോസ് സ്വന്തമാക്കി. നവംബർ 27നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ഫസ്റ്റ് ലുക്കും ട്രെയ്ലറും പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. ട്രെയ്ലർ നൽകുന്ന സൂചനകൾ പ്രകാരം ശക്തമായ ആക്ഷൻ പശ്ചാത്തലമുള്ള കഥാപാത്രത്തെയാണ് രശ്മിക അവതരിപ്പിക്കുന്നത്. മലയാളം ഉൾപ്പെടെ ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ‘ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ’ എന്ന ടാഗ്ലൈനോടെയാണ് ‘മൈസ’ പ്രഖ്യാപിക്കപ്പെട്ടത്. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. അൺഫോർമുല ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സഹനിർമാതാവ് സായി ഗോപയാണ്.
താൻ ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത തരത്തിലുള്ള കഥാപാത്രമാണ് ‘മൈസ’യിലേതെന്ന് രശ്മിക നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രേക്ഷകർക്ക് വ്യത്യസ്തവും ആവേശകരവുമായ അനുഭവം സമ്മാനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ ചിത്രമെന്നും താരം പങ്കുവെച്ചു. കഥാപാത്രത്തിന്റെ തീവ്രതയും പരുക്കൻ സ്വഭാവവും തനിക്ക് ആവേശം പകരുന്നതായും പുതിയൊരു ലോകത്തിലേക്കുള്ള യാത്രയാണ് ചിത്രത്തിലൂടെ നടത്തുന്നതെന്നും രശ്മിക കുറിച്ചിരുന്നു.
‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നാലെയാണ് രശ്മികയുടെ പുതിയ പ്രോജക്ടായ ‘മൈസ’ എത്തുന്നത്. പതിവ് കഥാപാത്രങ്ങളിൽ നിന്ന് മാറി ആക്ഷൻ പ്രാധാന്യമുള്ള വേഷത്തിൽ താരം പ്രത്യക്ഷപ്പെടുന്ന ചിത്രം ആരാധകർക്കിടയിൽ ഇതിനോടകം തന്നെ പ്രതീക്ഷ ഉയർത്തിയിട്ടുണ്ട്. അണിയറപ്രവർത്തകർ: രചനയും സംവിധാനവും രവീന്ദ്ര പുല്ലെ. നിർമാണം അജയ്, അനിൽ സയ്യാപുരെഡ്ഡി. സഹനിർമാണം സായി ഗോപ. ബാനർ അൺഫോർമുല ഫിലിംസ്. പി.ആർ.ഒ: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.












