ദിലീപിന് പിറന്നാൾ ആശംസകളുമായി മകൾ മീനാക്ഷി; ഹൃദയസ്പർശിയായ കുറിപ്പ് വൈറലാകുന്നു

നടൻ ദിലീപ് ജന്മദിനം ആഘോഷിക്കുന്ന വേളയിൽ പ്രിയപ്പെട്ട അച്ഛന് ആശംസകളുമായി മകൾ മീനാക്ഷി പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഇൻസ്റ്റാഗ്രാമിലൂടെയാണ് മീനാക്ഷി തന്റെ സ്നേഹം നിറഞ്ഞ ആശംസകൾ അറിയിച്ചത്.

‘എന്റെ എല്ലാമെല്ലാമായ പ്രിയപ്പെട്ട വ്യക്തിക്ക്, ആയുസ്സിന്റെ മറ്റൊരു മനോഹര വർഷം കൂടി… പിറന്നാൾ ആശംസകൾ, അച്ഛാ,’ എന്ന ഹൃദയസ്പർശിയായ കുറിപ്പിനൊപ്പമാണ് മീനാക്ഷി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് ഓസ്ട്രേലിയയിൽ വെച്ചെടുത്ത ചിത്രവും പുതിയൊരു ചിത്രവുമാണ് പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അച്ഛനോടു ചേർന്നു നിൽക്കുന്ന ഈ മനോഹര ചിത്രങ്ങൾ ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.

ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കി ഡോക്ടറായി സേവനം അനുഷ്ഠിക്കുന്ന മീനാക്ഷിയുടെ പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് ദിലീപിന് ജന്മദിനാശംസകൾ നേർന്നും അച്ഛനും മകളുമായുള്ള സ്നേഹം പങ്കുവെച്ചും എത്തിയിരിക്കുന്നത്. താരത്തിന്റെ സുഹൃത്തുക്കളായ നാദിർഷ ഉൾപ്പെടെയുള്ള പ്രമുഖരും ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.