ഷാജു ശ്രീധർ കേന്ദ്രകഥാപാത്രത്തിൽ; ‘ഫ്രെയിംസ്’ മ്യൂസിക് വീഡിയോ ഒരുങ്ങുന്നു

ഓർമകളിലൂടെയും നഷ്ടങ്ങളുടെ വേദനയിലൂടെയും ഒരാളുടെ ജീവിതത്തിലേക്ക് സഞ്ചരിക്കുന്ന കഥയുമായി ‘ഫ്രെയിംസ്’ എന്ന മ്യൂസിക് വീഡിയോ ഒരുങ്ങുന്നു. മലയാള സിനിമാതാരം ഷാജു ശ്രീധർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന വീഡിയോ, പ്രമേയത്തിലെ വ്യത്യസ്തതകൊണ്ടും അവതരണത്തിലെ പുതുമകൊണ്ടും ശ്രദ്ധ നേടുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. ഡ്രീം സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മഹേഷ് പാറയിലാണ്. നിജയ് ഘോഷ് നാരായണന്റേതാണ് കഥയും തിരക്കഥയും.

കാലം മനസ്സിൽ കോറിയിട്ട ഓർമകളെ തേടി പിന്നോട്ടു സഞ്ചരിക്കുന്ന ഒരാളുടെ ആത്മസംഘർഷങ്ങളാണ് ‘ഫ്രെയിംസ്’ അവതരിപ്പിക്കുന്നത്. ഏറെ നാളുകൾക്കുശേഷം സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തുന്ന ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലൂടെയാണ് കഥ മുന്നേറുന്നത്. ആ മടക്കയാത്ര അയാളിൽ ഉണർത്തുന്ന പഴയകാല ഓർമകളും നഷ്ടങ്ങളും തിരിച്ചറിയാതെ പോയ സൗഭാഗ്യങ്ങളും വൈകാരിക ബന്ധങ്ങളുമാണ് ഓരോ ഫ്രെയിമുകളിലൂടെയും പ്രേക്ഷകരിലേക്ക് എത്തുന്നത്. എട്ട് മിനിറ്റ് ദൈർഘ്യമുള്ള മ്യൂസിക് വീഡിയോയിൽ സംഗീതത്തിനൊപ്പം സംഭാഷണങ്ങൾക്കും പ്രാധാന്യം നൽകുന്നുണ്ട്. മലയാള സിനിമയിലെ മുൻനിര താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

സംസ്ഥാന സർക്കാരിന്റെ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം നേടിയ സുജേഷ് ഹരിയാണ് ‘ഫ്രെയിംസി’നായി വരികൾ ഒരുക്കുന്നത്. റെട്രോയുടേതാണ് സംഗീതം. കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയ പി.വി. ഷൈജാലാണ് എഡിറ്റിങ് നിർവഹിക്കുന്നത്. ‘മാരിവില്ലിൻ ഗോപുരങ്ങൾ’, ‘ഷീ ടാക്സി’, ‘മാൽഗുഡി ഡെയ്സ്’ തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റിങ്ങിലൂടെയും അദ്ദേഹം ശ്രദ്ധ നേടിയിട്ടുണ്ട്. ‘വാങ്ക്’, ‘കുങ്ഫു മാസ്റ്റർ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അർജുൻ രവിയാണ് ഛായാഗ്രാഹകൻ. നിതിൻ സൈനു മുണ്ടക്കലാണ് വീഡിയോയുടെ നിർമ്മാണം.

മഹേഷ് പാറയിൽ–നിജയ് നാരായണൻ കൂട്ടുകെട്ടിൽ നേരത്തെ പുറത്തിറങ്ങിയ ‘ഹെൽമെറ്റ്’ വെബ് സീരീസും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഒരു കൊലപാതകിയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കിയ ഈ സീരീസ് പ്രമേയത്തിലെ വ്യത്യസ്തതകൊണ്ടും അവതരണത്തിലെ പുതുമകൊണ്ടും ശ്രദ്ധിക്കപ്പെട്ടു. രാജ്യാന്തര ഹ്രസ്വചലച്ചിത്ര മേളകളിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു. അടുത്ത വർഷം മേയ് മാസത്തോടെ ‘ഫ്രെയിംസ്’ പുറത്തിറക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. വീഡിയോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അണിയറപ്രവർത്തകർ അറിയിച്ചു.