
നടിയും ഇൻഫ്ലുവൻസറുമായ അഹാന കൃഷ്ണയുടെയും ക്യാമറാമാൻ നിമിഷ് രവിയുടെയും വിവാഹവുമായി ബന്ധപ്പെട്ട് സഹോദരി ദിയ കൃഷ്ണ യൂട്യൂബ് വ്ലോഗിലൂടെ വെളിപ്പെടുത്തിയ കാര്യങ്ങൾ വലിയ രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. അഹാനയുടെ വിവാഹച്ചെലവിനെക്കുറിച്ചും ഒരുക്കിയ വിപുലമായ സംവിധാനങ്ങളെക്കുറിച്ചും ദിയ വ്ലോഗിൽ തുറന്നുപറഞ്ഞിട്ടുണ്ട്.
വിവാഹത്തിന്റെ കൃത്യമായ തുക തനിക്ക് നേരിട്ട് അറിയാൻ കഴിയില്ലെന്നും, അത്തരം കാര്യങ്ങൾ അഹാനയോട് ചോദിക്കാറില്ലെന്നും ദിയ വ്യക്തമാക്കുന്നു. എങ്കിലും താജിലെ താമസം, 25-ഓളം മുറികൾ, വിവിധ ചടങ്ങുകൾ, ഭക്ഷണക്രമീകരണങ്ങൾ എന്നിവയെല്ലാം കണക്കിലെടുക്കുമ്പോൾ അതൊരു വലിയ തുകയായിരിക്കുമെന്ന് ദിയ സൂചിപ്പിച്ചു.
അഹാനയുടെ വിവാഹാഘോഷങ്ങൾക്കായി താജ് ഹോട്ടലിൽ 5–6 ദിവസത്തോളമാണ് കുടുംബവും സുഹൃത്തുക്കളും താമസിച്ചത്. ഈ ദിവസങ്ങളിൽ ഹോട്ടലിൽ 20 മുതൽ 25 വരെ മുറികൾ ബുക്ക് ചെയ്തിരുന്നു. ‘അമ്മു – നിമ്മു കാർണിവൽ’, ‘സംഗീത് നൈറ്റ്’ തുടങ്ങി അഞ്ച് ദിവസത്തോളം നീണ്ടുനിൽക്കുന്ന വലിയ ആഘോഷങ്ങളോടെയായിരുന്നു വിവാഹം നടന്നത്.
വളരെ ലളിതമായി ചെറിയ രീതിയിലാണ് വിവാഹം നടത്തിയതെന്ന തരത്തിലുള്ള ചർച്ചകൾക്കിടയിലാണ് താജ് ഹോട്ടലിലെ വിപുലമായ താമസത്തെയും ഒരുക്കങ്ങളെയും കുറിച്ചുള്ള ദിയയുടെ ഈ വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നത്.












