
മലയാള സിനിമാപ്രേമികളുടെ പ്രിയപ്പെട്ട കോമഡി ചിത്രങ്ങളിലൊന്നായ ‘കല്യാണരാമൻ’ വീണ്ടും തിയേറ്ററുകളിലെത്തുന്നു. ചിത്രത്തിന്റെ 4K അറ്റ്മോസ് റീ-റിലീസിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ കുഞ്ചാക്കോ ബോബന്റെ ജന്മദിനത്തിൽ പ്രത്യേക പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിൽ ചാക്കോച്ചൻ അവതരിപ്പിച്ച ഉണ്ണി എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് ആരാധകർക്കായി പങ്കുവെച്ചത്.
ദിലീപ് നായകനായെത്തിയ ചിത്രത്തിൽ നവ്യ നായരായിരുന്നു നായിക. അതിഥി വേഷത്തിലാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിലെത്തിയതെങ്കിലും ഉണ്ണി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ശ്രദ്ധേയമായ ഇടം നേടാൻ താരത്തിന് കഴിഞ്ഞിരുന്നു. വർഷങ്ങൾക്കിപ്പുറവും ചിത്രത്തിലെ കഥാപാത്രങ്ങളും തമാശകളും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഷാഫിയുടെ സംവിധാനത്തിൽ ബെന്നി പി. നായരമ്പലം തിരക്കഥയെഴുതിയ ‘കല്യാണരാമൻ’ ലാൽ ക്രിയേഷൻസിന്റെ ബാനറിൽ നിർമിച്ച് 2002-ലാണ് തിയേറ്ററുകളിലെത്തിയത്. രാമൻകുട്ടി, പോഞ്ഞിക്കര, പ്യാരി, അച്ചുതൻ നായർ തുടങ്ങിയ കഥാപാത്രങ്ങളും അവരുടെ രസകരമായ സംഭാഷണങ്ങളും ഇന്നും പ്രേക്ഷകരുടെ ഓർമകളിൽ നിറഞ്ഞുനിൽക്കുന്നു.
പുതിയ സാങ്കേതിക മികവോടെ ചിത്രം വീണ്ടും ബിഗ് സ്ക്രീനിലെത്തിക്കാനുള്ള ചുമതല ഏറ്റെടുത്തിരിക്കുന്നത് ഹൈ സ്റ്റുഡിയോസാണ്. 4K റീമാസ്റ്ററിങ്ങിനൊപ്പം ഡോൾബി അറ്റ്മോസ് ശബ്ദവിന്യാസവും ഉൾപ്പെടുത്തിയാണ് ചിത്രം പുനഃപ്രദർശനത്തിന് ഒരുങ്ങുന്നത്. ചിത്രത്തിന്റെ റീ-റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് നിർമാതാക്കൾ അറിയിച്ചു. പ്രിയപ്പെട്ട കഥാപാത്രങ്ങളെയും തമാശകളെയും കൂടുതൽ മികവോടെ വീണ്ടും തിയേറ്ററിൽ ആസ്വദിക്കാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. പി.ആർ.ഒ: പി. ശിവപ്രസാദ്.












