
നടൻ കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകൾ ഇഷാനിയുടെ പിറന്നാളിനോടനുബന്ധിച്ച് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. ജീവിതത്തിലെ അനുഗ്രഹങ്ങൾക്ക് നന്ദി പറയേണ്ടതിന്റെ പ്രാധാന്യം ഓർമിപ്പിച്ചുകൊണ്ടാണ് കൃഷ്ണകുമാർ മകൾക്ക് പിറന്നാൾ ആശംസകൾ നേർന്നത്. ജോലിത്തിരക്കുകൾക്കിടയിലും വീട്ടിലെത്തി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും അതിനുള്ള ആരോഗ്യവും സാഹചര്യവും ലഭിച്ചതിൽ ദൈവത്തോട് നന്ദി പറയുന്നതായും താരം കുറിച്ചു. ‘Count your blessings’ എന്ന ആശയത്തെ മുൻനിർത്തിയായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.
രാവിലെ ഉറക്കമുണരുന്നത് മുതൽ രാത്രി ഉറങ്ങുന്നതുവരെ ജീവിതത്തിൽ ലഭിക്കുന്ന സൗഭാഗ്യങ്ങൾ തിരിച്ചറിയാൻ ശ്രമിച്ചാൽ നമ്മൾ എത്രത്തോളം അനുഗ്രഹീതരാണെന്ന് മനസിലാകുമെന്ന് കൃഷ്ണകുമാർ പറയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധവും അശാന്തിയും കാരണം ദുരിതജീവിതം നയിക്കുന്ന നിരവധി ആളുകളുണ്ടെന്നും അവർക്ക് ലഭിക്കാത്ത അടിസ്ഥാന സൗകര്യങ്ങൾ പോലും നമുക്ക് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ആരോഗ്യം, കുടുംബം, സുരക്ഷിതമായ ജീവിതസാഹചര്യങ്ങൾ തുടങ്ങി നിരവധി അനുഗ്രഹങ്ങൾ നമുക്കുണ്ടെങ്കിലും പലപ്പോഴും അവയെക്കുറിച്ച് ചിന്തിക്കാതെ ജീവിതത്തിലെ കുറവുകളെക്കുറിച്ച് മാത്രം പരാതിപ്പെടുകയാണ് ചെയ്യുന്നതെന്നും താരം കുറിച്ചു.
സൗഭാഗ്യങ്ങൾക്ക് നന്ദി പറയാൻ മറക്കരുതെന്നും ‘Gratitude is riches’ എന്ന വാക്കുകളിലൂടെ നന്ദിയുള്ള മനസാണ് യഥാർഥ സമ്പത്തെന്നും കൃഷ്ണകുമാർ ഓർമിപ്പിച്ചു. ഇഷാനിയുടെ പിറന്നാൾ ജീവിതത്തിലെ മറ്റൊരു അനുഗ്രഹമായി കാണുന്നുവെന്നും ജോലിത്തിരക്കുകൾക്കിടയിലും വീട്ടിലെത്തി കുടുംബത്തോടൊപ്പം ആഘോഷത്തിൽ പങ്കുചേരാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മകൾക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ നേർന്നതിനൊപ്പം ദൈവത്തോടുള്ള നന്ദിയും കുറിപ്പിലൂടെ പങ്കുവെച്ചു.












