വെറുമൊരു ട്രെയിനറല്ല, ഇന്ത്യയിലെ ആദ്യ നാച്വറൽ ഫിസിക് മോഡൽ; റിമി ടോമിയുടെ വരൻ ലിബിൻ മാത്യുവിനെക്കുറിച്ച് അറിയാം

മലയാളികളുടെ പ്രിയ ഗായിക റിമി ടോമിയുടെ രണ്ടാം വിവാഹവാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. താൻ വിവാഹിതയാകാൻ ഒരുങ്ങുകയാണെന്ന സന്തോഷവാർത്ത റിമി തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. അഭിനേതാവോ ഗായകനോ പ്രശസ്തനായ വ്യക്തിയോ കോടീശ്വരനോ അല്ല തന്റെ വരനെന്നും റിമി വ്യക്തമാക്കിയിരുന്നു. എന്നാൽ ഫിറ്റ്നസ് രംഗത്ത് സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് റിമിയുടെ ജീവിതപങ്കാളിയാകാൻ ഒരുങ്ങുന്ന ലിബിൻ മാത്യു.

ബോംബെയിൽ താമസിക്കുന്ന മലയാളിയായ ലിബിൻ ഒരു ബോഡി ബിൽഡറും ഫിറ്റ്നസ് ട്രെയിനറുമാണ്. റിമിയുടെ കോച്ച് കൂടിയാണ് അദ്ദേഹം. എന്നാൽ ലിബിന്റെ പ്രവർത്തനമേഖല ബോഡി ബിൽഡിങ്ങിൽ മാത്രം ഒതുങ്ങുന്നതല്ല. കൃത്രിമ മരുന്നുകളുടെയും ഇൻജക്ഷനുകളുടെയും സഹായമില്ലാതെ സ്വാഭാവികമായി ശരീരസൗന്ദര്യം വളർത്തിയെടുത്ത ഇന്ത്യയിലെ ആദ്യത്തെ നാച്വറൽ ഫിസിക് മോഡലും ഫിറ്റ്നസ് ചാമ്പ്യനുമാണെന്നാണ് അദ്ദേഹത്തെക്കുറിച്ചുള്ള വിശേഷണം.

മികച്ചൊരു നർത്തകൻ കൂടിയായ ലിബിൻ, ശാരീരികക്ഷമതയ്ക്കൊപ്പം ജീവിതശൈലിയും ചിട്ടപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഡയറ്റ്, ഉറക്കം, മാനസിക ഉന്മേഷം, ജോലിയിലെ ഏകാഗ്രത, സമയനിയന്ത്രണം തുടങ്ങിയ കാര്യങ്ങൾ ശാസ്ത്രീയമായി ക്രമീകരിക്കാൻ സഹായിക്കുന്ന ഹൈ പെർഫോമൻസ് ലൈഫ്‌സ്റ്റൈൽ കോച്ചായും അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്. ലിബിന്റെ സാന്നിധ്യം തനിക്ക് വലിയ മനസ്സമാധാനവും പോസിറ്റീവ് എനർജിയും നൽകുന്നുണ്ടെന്നാണ് റിമി പറയുന്നത്. എന്തും തുറന്നുപറയാനുള്ള സ്വാതന്ത്ര്യവും ധൈര്യവും അദ്ദേഹത്തിനൊപ്പം ഉണ്ടാകുമ്പോൾ ലഭിക്കുന്നുണ്ടെന്നും പുതിയൊരു ജീവിതത്തിലേക്ക് വലിയ പ്രതീക്ഷയോടെയാണ് കടക്കുന്നതെന്നും ഗായിക വ്യക്തമാക്കിയിരുന്നു.

ഫോൺ സംഭാഷണങ്ങളിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ഈ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. കഴിഞ്ഞ മാർച്ചിലാണ് ഇരുവരും നേരിൽ കണ്ടുമുട്ടിയത്. ഏകദേശം ഒമ്പത് മാസത്തെ ആലോചനകൾക്ക് ശേഷമാണ് വിവാഹിതരാകാനുള്ള തീരുമാനത്തിലെത്തിയത്.
വിവാഹവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിന് മുൻപ് തന്നെ സന്തോഷവാർത്ത ആരാധകരുമായി നേരിട്ട് പങ്കുവെക്കാനാണ് റിമി ആഗ്രഹിച്ചത്. നവംബറിൽ വിവാഹം നടക്കുമെന്നാണ് വിവരം. എന്നാൽ വിവാഹത്തീയതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പിന്നീട് ഉണ്ടാകുമെന്നാണ് സൂചന. റിമിയുടെ പുതിയ ജീവിതത്തിന് ആശംസകളുമായി നിരവധി ആരാധകരാണ് രംഗത്തെത്തുന്നത്.