ഡിസ്നി പ്ലസ് ഹോട്സ്റ്റാര് വഴി ജനുവരി 26 ന് റിലീസ് ചെയ്ത പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തിയ ചിത്രത്തില്‍ കല്യാണി പ്രിയദര്ശന് ആയിരുന്നു നായിക. മോഹന്‍ലാലും പൃഥ്വിരാജും ചിത്രത്തില്‍ അച്ഛനും മകനുമായിട്ടായിരുന്നു അഭിനയിച്ചത്. ‘ജോണ്‍ കാറ്റാടി’യായി ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തിയപ്പോള്‍ പൃഥ്വിരാജിന്റെ കഥാപാത്രം ‘ഈശോ ജോണ്‍ കാറ്റാടി’യായിരുന്നു.
ഇപ്പോഴിതാ ഈശോ ജോണ്‍ കാറ്റാടിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് നിര്‍മാതാവും പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ. ഇന്‍സ്റ്റഗ്രാമിലാണ് സുപ്രിയ പൃഥ്വിരാജിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
https://www.instagram.com/p/CZjBI1UvDr4/?utm_source=ig_embed&ig_rid=0be4f036-054e-4745-a1e0-46c8fd51f200
ഒരു ഫണ്‍-ഫാമിലി ഡ്രാമയായ ബ്രോ ഡാഡി ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചത്. ശ്രീജിത്ത് എനും ബിബിന്‍ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥ. മീന, ലാലു അലക്സ്, ജഗദീഷ്, കനിഹ, സൗബിന് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്.
അതേസമയം ബ്രോ ഡാഡി തെലുങ്കിലേക്ക് റീമേയ്ക്ക് ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തെലുങ്ക് നിര്‍മാതാവായ സുരേഷ് ബാബുവാണ് ചിത്രത്തിന്റെ റീമേയ്ക്ക് അവകാശത്തിനായി ബ്രോ ഡാഡിയുടെ നിര്‍മാതാക്കളെ സമീപിച്ചിരിക്കുന്നത്. മോഹന്‍ലാലും പൃഥ്വിയും അവതരിപ്പിച്ച അച്ഛന്-മകന് വേഷം തെലുങ്കില്‍ അവതരിപ്പിക്കുക വെങ്കിടേഷ് ദഗുബാട്ടിയും റാണ ദഗുബാട്ടിയുമാകും.