‘ആരും അറിയാതെ വച്ച ആ ആഗ്രഹത്തെ അറിഞ്ഞ് കാലം ഇന്നെനിക്ക് ഒരു സന്തോഷം തന്നിരിക്കുന്നു’- ‘ബട്ടർഫ്‌ളൈ ഗേൾ 85’ തീം പോസ്റ്റര്‍

പ്രശാന്ത് മുരളി പത്മനാഭന്‍ സംവിധാനം ചെയ്യുന്ന ‘ബട്ടര്‍ഫ്‌ലൈ ഗേള്‍ 85’ എന്ന ചിത്രത്തിന്റെ തീം പോസ്റ്റര്‍ പുറത്തിറങ്ങി. ധന്യ നാഥ് നായികയായെത്തുന്ന തീം പോസ്റ്റര്‍ ഏറെ വ്യത്യസ്തതയോടെയാണ് പുറത്തിറക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയക്കുള്ളിലെ കഥകളെ കുറിച്ച് പറയുന്ന ചിത്രത്തില്‍ പ്രതീഷ് ജേക്കബ്, അമ്മു നായര്‍, ഇഷിക എമില്‍, കലേഷ് പരമേശ്വരന്‍, ഷിന്‍ ഷാന്‍, ലുക്മാന്‍, അന്‍വര്‍ സാദിഖ്, ഗീത ജിത്തു, സ്വീറ്റി ബെര്‍ണാഡ്, എബിന്‍ മേരി, ജീവന്‍ ശിവദാസ്, അനുപ്രഭ ലാല്‍, അനു ചന്ദ്രശേഖര്‍, അഭിജിത്ത് പ്രാന്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. തീം പോസ്റ്ററില്‍ തന്റെ മുഖം കണ്ട് ഏറെ സന്തോഷിച്ച് ധന്യ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു.

കുറിപ്പ് വായിക്കാം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപംആഗ്രഹം, അത് തീവ്രവും അതിനു വേണ്ടി നിലനില്‍ക്കാന്‍ ഉള്ള മനസും ഉണ്ടായത് കൊണ്ട് ആകും ഇങ്ങനെ ഒരു ദിവസം എന്റെ ജീവിതത്തിലും ഉണ്ടായത്. സിനിമ ചെയ്യുമ്പോള്‍ അതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറക്കും എന്ന ഒരറിവുണ്ടായിരുന്നു എനിക്ക്. അതിനെ ഒരു തീം പോസ്റ്റര്‍ എന്ന ചിന്തയിലേക്ക് മാറ്റി പ്രശാന്തേട്ടന്‍ ഒരു അഭിപ്രായം പറഞ്ഞപ്പോഴും, ഞാന്‍ ആലോചിച്ചത് സിനിമയുടെ കോണ്‍സെപ്റ്റ് ഏകദേശം വരുന്ന ഒരു പോസ്റ്റര്‍ എന്നാണ്. എന്നാല്‍ എന്റെ മനസ്സില്‍ ഉണ്ടായിരുന്ന ആ ചിത്രം മൊത്തത്തില്‍ ഉടഞ്ഞു പോയി ഈ തീം പോസ്റ്ററിന്റെ ഏകദേശ രൂപം ആദ്യം എന്നെ കാണിച്ചപ്പോള്‍. മുന്നേ കുറച്ചു സിനിമകളില്‍ കുഞ്ഞു കുഞ്ഞു വേഷങ്ങള്‍ ചെയ്യുമ്പോഴും, മനസ്സില്‍ വലിയ ഒരു ആഗ്രഹം ഇങ്ങനെ കിടക്കായിരുന്നു, ഇന്ന് വരെ ആരോടും പറയാത്ത ഒരു അഗ്രഹം. ഒരു പോസ്റ്ററില്‍ എവിടേലും എന്റെ മുഖവും കൂടി ഒന്ന് കണ്ടിരുന്നെങ്കില്‍ എന്ന്.ആരും അറിയാതെ വച്ച ആ ആഗ്രഹത്തെ അറിഞ്ഞ് കാലം ഇന്നെനിക്ക് ഒരു സന്തോഷം തന്നിരിക്കുന്നു ബട്ടര്‍ഫ്ളൈ ഗേള്‍ ന്റെ തീം പോസ്റ്ററിലൂടെ. ആഹാ, എന്തൊരു നടക്കാത്ത അഗ്രഹം എന്ന് പലപ്പോഴും എന്നോട് തന്നെ പറഞ്ഞ ഞാന്‍ കണ്ടത് എന്റ മുഖം എന്റെ ഫുള്‍ ഫിഗര്‍ എന്ന് പറയും പോലെ ഒരു പോസ്റ്റര്‍ ആണ്. ഉള്ള് നിറഞ്ഞ സന്തോഷത്തോടെ ഇതാ ബട്ടര്‍ഫ്ളൈ ഗേള്‍ 85 ന്റെ തീം പോസ്റ്റര്‍.