ഗാനരചയിതാവ് ബീയാര്‍ പ്രസാദ് അന്തരിച്ചു

ഗാനരചയിതാവ് ബീയാര്‍ പ്രസാദ് അന്തരിച്ചു. 62 വയസായിരുന്നു. കവി, നാടകകൃത്ത്, പ്രഭാഷകന്‍, ടി.വി. അവതാരകന്‍ എന്നീ നിലകളിലും ശ്രദ്ധേയനാണ്. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ്. 2003ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘കിളിച്ചുണ്ടന്‍ മാമ്പഴ’ത്തിലൂടെയാണ് ചലച്ചിത്ര ഗാനരചനാ രംഗത്തേക്ക് അദ്ദേഹം കടന്നുവന്നത്. തുടര്‍ന്ന് വാമനപുരം ബസ് റൂട്ട്, ജലോത്സവം, വെട്ടം, സല്‍പ്പേര് രാമന്‍ കുട്ടി, തത്സമയം ഒരു പെണ്‍കുട്ടി തുടങ്ങി ഇരുപത്തഞ്ചോളം സിനിമകള്‍ക്ക് ഗാനമെഴുതി. ‘കിളിച്ചുണ്ടന്‍ മാമ്പഴ’ത്തിലെ ഒന്നാം കിളി പൊന്നാം കിളിയെന്ന ഗാനമാണ് ഏറെ ശ്രദ്ധനേടിയത്. ‘ജലോത്സവ’ത്തില്‍ അല്‍ഫോന്‍സ് സംഗീതം പകര്‍ന്ന കേരനിരകളാടും എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

നേര്‍ക്കുനേരെ എന്ന ചിത്രത്തിന് കഥയെഴുതി. 1993ല്‍ സംഗീത് ശിവന്റെ സംവിധാനത്തില്‍ കുട്ടികള്‍ക്കുള്ള മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരത്തിന് അര്‍ഹമായ ‘ജോണി’ക്ക് തിരക്കഥയും സംഭാഷണവുമെഴുതി. ഏഷ്യാനെറ്റില്‍ സുപ്രഭാതം പരിപാടിയുടെ അവതാരകനായിട്ടായിരുന്നു തുടക്കം. ‘തട്ടുംപുറത്തെ അച്യുതനാ’ണ് പാട്ടെഴുതിയ അവസാനചിത്രം. താരസംഘടന അമ്മ അടുത്തയിടെ ദുബായില്‍ അവതരിപ്പിച്ച സ്റ്റേജ് ഷോയില്‍ പഞ്ചഭൂതങ്ങളെ ആലേഖനം ചെയ്തവതരിപ്പിച്ച തീം സോങ് എഴുതിയതും ബീയാറാണ്. 50 വര്‍ഷത്തിനിടെ രചിക്കപ്പെട്ട കേരള തീം പാട്ടുകളില്‍ തെരഞ്ഞെടുത്ത 10 പാട്ടുകളിലൊന്ന് ബീയാറിന്റെ കേരനിരകളാടും എന്ന ഗാനമാണ്.

സ്വാതി തിരുനാള്‍ സംഗീത നാടക അക്കാദമിയുടെ അമേച്വര്‍ നാടക മത്സരത്തില്‍ മങ്കൊമ്പ് വൈഎംപിഎസി അവതരിപ്പിച്ച ഷഡ്കാല ഗോവിന്ദമാരാര്‍ എന്ന നാടകത്തിലൂടെ ഏറ്റവും നല്ല രചയിതാവിനും സംവിധായകനുമുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ക്ഷേത്രകലകളെയും ആചാരങ്ങളെയും സംബന്ധിച്ച് ആഴത്തില്‍ അവഗാഹമുണ്ടായിരുന്ന അദ്ദേഹം മികച്ച പ്രഭാഷകനാണ്.

അഷ്ടപദിയിലും പ്രാവീണ്യമുണ്ടായിരുന്നു. രണ്ടുവര്‍ഷം മുമ്പ് വൃക്ക മാറ്റിവച്ചിരുന്നു. മങ്കൊമ്പ് മായാസദനത്തില്‍ പരേതനായ ബാലകൃഷ്ണപണിക്കരുടെയും കല്യാണിക്കുട്ടി അമ്മയുടെയും മകനാണ്. ഭാര്യ: വിധു പ്രസാദ് (പുളിങ്കുന്ന് പഞ്ചായത്തഗം). മക്കള്‍: ഇളപ്രസാദ്, കവിപ്രസാദ്.