‘ആടുജീവിതം’ ഒടിടിയിലേക്ക്!!

‘ആടുജീവിതം’ ഇനി സ്വീകരണമുറികളിലേക്ക്. മലയാള സിനിമയില്‍ പുതിയ റെക്കോര്‍ഡാണ് ബ്ലെസി-പൃഥ്വിരാജ് ചിത്രം സൃഷ്ടിച്ചത്. നൂറ് തിയേറ്ററുകളില്‍ അമ്പതു ദിവസം പൂര്‍ത്തിയാക്കിയാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ആടുജീവിതം എത്തുന്നത്. ചിത്രം മെയ് 26 മുതല്‍ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മലയാളിയായ നജീബിന് പ്രവാസലോകത്ത് അനുഭവിക്കേണ്ടി വന്ന കരളലിയിക്കുന്ന ജീവിതകഥയാണ് ചിത്രം പറഞ്ഞത്. ബെന്യാമിന്റെ പ്രശസ്തമായ ആടുജീവിതം നോവലിനെ അടിസ്ഥാനമാക്കിയാണ് ബ്ലെസി സിനിമയൊരുക്കിയത്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കാലം ഷൂട്ടിംഗ് നീണ്ടുപോയ ചിത്രമാണ്. വര്‍ഷങ്ങളാണ് ചിത്രം സ്‌ക്രിനിലെത്തിക്കാനെടുത്തത്.

160ന് മുകളില്‍ ദിവസങ്ങളാണ് ചിത്രത്തിന്റെ ചിത്രീകരണത്തിന് വേണ്ടി വന്നത്. എആര്‍ റഹ്‌മാനാണ് സംഗീതം ഒരുക്കിയത്. സിനിമയുടെ ശബ്ദമിശ്രണം റസൂല്‍ പൂക്കുട്ടിയാണ്. ചിത്രം ആഗോളതലത്തില്‍ 150 കോടിക്ക് മുകളില്‍ നേടി കഴിഞ്ഞു. അമലാ പോള്‍, ഗോകുല്‍, ജിമ്മി ജീന്‍ ലൂയിസ് തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ മറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തിന് പുറമെ തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. നജീബായുള്ള പൃഥിയുടെയും ഹക്കീമായുള്ള ഗോകുലിന്റെയും ആത്മസമര്‍പ്പണം ഏറെ കൈയ്യടിനേടിയിരുന്നു.