ഞാന്‍ മനുഷ്യ ദൈവമല്ല…ദൈവത്തിന്റെ സേവകന്‍ മാത്രം!! ആരാധകനോട് രാഘവ ലോറന്‍സ്

തെന്നിന്ത്യയിലെ നടനായും കൊറിയോഗ്രാഫറായും ഏറെ ആരാധകരുള്ള താരമാണ് രാഘവ ലോറന്‍സ്. ഇപ്പോഴിതാ താരത്തിന്റെ ചിത്രത്തിനെ ആരാധിക്കുന്ന ആരാധകനോട് അദ്ദേഹം പറയുന്ന വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. നടന്റെ ചിത്രം വരച്ച് അതില്‍ കര്‍പ്പൂര ആരാധന നടത്തിയ ആരധകന്റെ വീഡിയോ വൈറലായിരുന്നു.

കര്‍പ്പൂര തട്ടിന്റെ അടിയില്‍ മാര്‍ക്കര്‍ വെച്ച് ആ മാര്‍ക്കര്‍ കൊണ്ടാണ് ആരാധകന്‍ താരത്തിന്റെ ചിത്രം വരയ്ക്കുന്നത്. ഈ വീഡിയോയ്ക്കാണ് താരം പ്രതികരിക്കുന്നത്. എക്‌സ് പോസ്റ്റിലാണ് താരം ആരാധകന് മറുപടി നല്‍കിയത്.

നിങ്ങളുടെ കഴിവിനെയും കഠിനാധ്വനത്തെയും ഞാന്‍ അങ്ങേയറ്റം അഭിനന്ദിക്കുന്നു. പക്ഷെ ഒരു ചെറിയ അപേക്ഷയുണ്ട്, ഞാന്‍ മനുഷ്യ ദൈവമല്ല. നിങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ ദൈവത്തിന്റെ സേവകന്‍ മാത്രമാണ്. നിങ്ങളുടെ വലിയ വാക്കുകള്‍ക്ക് ഒരുപാട് നന്ദി. നിങ്ങള്‍ എനിക്കു വേണ്ടി ചെയ്ത ഈ ആര്‍ട്ട് കാണാന്‍ തീര്‍ച്ചയായും ഞാന്‍ വരും, എന്നാണ് താരം കുറിച്ചത്.


ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായും താരം സജീവമാണ്. മാട്രം എന്ന ക്യാംപെയിനിലൂടെയാണ് താരത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍. പദ്ധതിയുടെ ഭാഗമായി 10 കര്‍ഷകര്‍ക്ക് താരം ട്രാക്ടര്‍ നല്‍കിയിരുന്നു.