തിരുവോണത്തിന് മകളുടെ മുഖം കാണിച്ച് അഭിരാമി!!! പട്ടുവാടയില്‍ സുന്ദരിക്കുട്ടിയായി കുഞ്ഞ് കല്‍ക്കി

ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ജയറാം ചിത്രത്തിലൂടെ മലയാളത്തിന്റെ ഇഷ്ടനായികയായി മാറിയ താരമാണ് അഭിരാമി. എത്രകണ്ടാലും മടുപ്പു തോന്നാത്ത ചിത്രം ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിലൊന്നാണ്. പത്രം, ശ്രദ്ധ തുടങ്ങിയവ അഭിരാമിയുടെ ശ്രദ്ധേയ ചിത്രങ്ങളാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ സിനിമയിലും അഭിരാമി ശ്രദ്ധേയയാണ്.

ഇത്തവണത്തെ ഓണം അഭിരാമിയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ്. മകള്‍ കല്‍ക്കി എത്തിയ ശേഷമുള്ള ഓണം കൂടിയാണ്. മകളുടെ ചിത്രങ്ങളും അഭിരാമി പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് പെണ്‍ കുഞ്ഞിനെ ദത്തെടുത്തത്. മാതൃദിനത്തിലാണ് താരം കുഞ്ഞ് എത്തിയ സന്തോഷം പങ്കുവച്ചത്.

ഓണത്തിന് കുടുംബചിത്രം പങ്കുവച്ചിരിക്കുകയാണ് താരം. പച്ചയും പിങ്കും കളറുള്ള പട്ടുപാവാടയിട്ട് മുടി മുകളില്‍ കെട്ടിവച്ച സുന്ദരിക്കുട്ടിയായിട്ടാണ് കല്‍ക്കി ഫോട്ടോയിലുള്ളത്.

‘എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍! എന്റെ ഭര്‍ത്താവിനെ ഫോട്ടോയ്ക്ക് പോസ് ചെയ്യിപ്പിക്കുക ബുദ്ധിമുട്ടാണ്.. അതിലേക്ക് ഒരു കുഞ്ഞിനെയും ഡോഗിനെയും ചേര്‍ത്തു വയ്ക്കാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ക്ക് രസകരമായ ചിത്രങ്ങള്‍ ലഭിക്കും!” എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് അഭിരാമി കുറിച്ചത്.

വിവാഹം കഴിഞ്ഞിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞ് ജനിക്കാത്തതിനാലാണ് നടിയും ഭര്‍ത്താവ് രാഹുലും ചേര്‍ന്ന് കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിച്ചത്. നിയമനടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഏറെനാള്‍ കാത്തിരുന്നു, കഴിഞ്ഞ വര്‍ഷമാണ് കല്‍ക്കി എന്ന കുഞ്ഞ് ജീവിതത്തിലേക്ക് എത്തിയത്.

‘രാഹുലും ഞാനും ഇപ്പോള്‍ പെണ്‍കുഞ്ഞിന്റെ മാതാപിതാക്കളായെന്ന സന്തോഷം എല്ലാവരെയും അറിയിക്കുന്നു. കല്‍ക്കി എന്നാണ് അവളുടെ പേര്. കഴിഞ്ഞ വര്‍ഷമാണ് അവള്‍ ജീവിതത്തിലേക്ക് വന്നത്, അതിന് ശേഷമുള്ള ഓരോ ദിവസവും മാറ്റങ്ങളിലൂടെയാണ് കടന്നു പോയത്. ഇന്ന് അമ്മയായതിനു ശേഷമുള്ള ആദ്യ മാതൃദിനം ആഘോഷിക്കുകയാണ് ഞാന്‍. എല്ലാവരുടെ പ്രാര്‍ത്ഥനയും അനുഗ്രഹവും ഞങ്ങള്‍ക്കു വേണം,” മാതൃദിനത്തില്‍ അഭിരാമി മകളെ പരിചയപ്പെടുത്തിയതിങ്ങനെയാണ്.