മണിയന്‍ പിള്ള രാജു പറഞ്ഞത് തെറ്റായിപ്പോയി, അമ്മയിലെ വനിതകള്‍ പാവകളല്ല: തുറന്നടിച്ച് ബാബു രാജ്

നടിയെ  പീഡനത്തിന് ഇരയാക്കി എന്ന പരാതിയില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് എതിരെ താര സംഘടനയ്ക്കുള്ളില്‍ പ്രതിഷേധം പുകയുന്നു. ഒരു പരാതി ലഭിച്ചു എന്ന പേരില്‍ ആരെയും പുറത്താക്കാന്‍ കഴിയില്ലാ എന്ന രീതിയിലുള്ള സംഘടനയുടെ…

നടിയെ  പീഡനത്തിന് ഇരയാക്കി എന്ന പരാതിയില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് എതിരെ താര സംഘടനയ്ക്കുള്ളില്‍ പ്രതിഷേധം പുകയുന്നു. ഒരു പരാതി ലഭിച്ചു എന്ന പേരില്‍ ആരെയും പുറത്താക്കാന്‍ കഴിയില്ലാ എന്ന രീതിയിലുള്ള സംഘടനയുടെ നിലപാടുകളാണ് പരസ്യമായി ചോദ്യം ചെയ്യപ്പെടുന്നത്.

ഇതിനിടെ, വിജയ് ബാബുവിന് എതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ അമ്മ സംഘടന മടി കാണിക്കുന്നതില്‍ പ്രതിഷേധിച്ച് നടി മാലാ പാര്‍വ്വതി അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്നും രാജി വച്ചതിന് പിന്നാലെ വിഷയത്തില്‍ സംഘടനയ്ക്ക് എതിരെ വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ച് നടന്‍ ബാബു രാജും രംഗത്തെത്തി.

മാല പാര്‍വ്വതിയുടെ രാജിയെ സ്വാഗതം ചെയ്ത ബാബു രാജ്, രാജിയിലൂടെ അമ്മയിലെ വനിതാ താരങ്ങള്‍ പാവകളല്ല എന്നും അവര്‍ക്ക് പ്രതികരണ ശേഷി ഉണ്ടെന്ന് സമൂഹത്തിന് മനസ്സിലാക്കി നല്‍കാന്‍ സാധിച്ചതായും പറഞ്ഞു. സ്ത്രീകള്‍ക്ക് പരാതി പറയാന്‍ വേറെ സംഘടന ഉണ്ടല്ലോ, അവിടെ പോയി പറയട്ടെ എന്ന് നടിമാരുടെ സംഘടനയായ ഡബ്‌ള്യു സി സിയെ സൂചിപ്പിച്ചു കൊണ്ടുള്ള മണിയന്‍ പിള്ള രാജുവിന്റെ പ്രസ്താവന തെറ്റായി പോയെന്നും, അമ്മയുടെ വൈസ് പ്രസിഡന്റ് അത് ഒരിക്കലും പറയാന്‍ പാടില്ലാത്തത് ആയിരുന്നുവെന്നും താരം പ്രതികരിച്ചു. ഒരു മുന്‍നിര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബാബു രാജിന്റെ പ്രതികരണം.

അമ്മയിലെ സ്ത്രീകളുടെ പരാതി കേള്‍ക്കാനാണ് അമ്മയിലെ ആഭ്യന്തര പരാതി പരിഹാര സമിതിയുള്ളത്. അമ്മയിലെ സ്ത്രീകളുടെ പരാതികള്‍ അമ്മയില്‍ ചര്‍ച്ച ചെയ്തില്ലെങ്കില്‍ പിന്നെ വേറെ ആരാണ് ചര്‍ച്ച ചെയ്യാനുള്ളതെന്ന് ബാബു രാജ് ചോദിക്കുന്നു. മണിയന്‍ പിള്ളയുടെ പ്രസ്താവനയില്‍ വൈസ് പ്രസിഡന്റായ ശ്വേത ഉള്‍പ്പടെ മറ്റുള്ള വനിതകള്‍ക്കും അമര്‍ഷമുണ്ടാകും. അവരൊന്നും പാവകളല്ല. എല്ലാ കാര്യത്തിലും വ്യക്തമായ അഭിപ്രായവും തീരുമാനങ്ങളും ഉള്ളവരാണ്, ബാബുരാജ് പറഞ്ഞു.

അതേസമയം, പീഡന ആരോപണം ഉയര്‍ന്നതിന് പിന്നാലെ നടന്‍ വിദേശത്തേക്ക് കടന്നിരിക്കുകയാണ്.നിലവില്‍ വിജയ് ബാബു ദുബായിലാണെന്നാണ് സൂചന. താരത്തെ കണ്ടെത്താനായി രാജ്യത്തെ എല്ലാ വിമാനത്താവളത്തിലും അറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ഇതിനിടെ, യുവതിയുടെ പരാതിയെ തുടര്‍ന്ന് വിജയ് ബാബുവിനെതിരെയും എന്നാല്‍, പരാതി പറയാന്‍ വൈകിയ യുവതിയ്‌ക്കെതിരെയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുന്നുണ്ട്.