‘പത്ത് വര്‍ഷത്തിന് ശേഷം അംബി ചേച്ചി വീട്ടിലെത്തി’!!! ഒന്നിച്ചുകൂടിയ സന്തോഷം പങ്കിട്ട് താരസഹോദരിമാര്‍ അംബികയും രാധയും

എഴുപതുകളിലും എണ്‍പതുകളിലും തെന്നിന്ത്യയിലെ തന്നെ ഏറ്റവും തിരക്കുള്ള നടിമാരായിരുന്നു സഹോദരിമാരായ അംബികയും രാധയും. അംബിക ഇപ്പോഴും സിനിമാലോകത്തുണ്ടെങ്കിലും രാധക്ക് താത്പര്യം ബിസിനസിനോടാണ്. ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം താര സഹോദരിമാര്‍ ഒന്നിച്ചു കൂടിയിരിക്കുകയാണ്. ‘നീണ്ട…

എഴുപതുകളിലും എണ്‍പതുകളിലും തെന്നിന്ത്യയിലെ തന്നെ ഏറ്റവും തിരക്കുള്ള നടിമാരായിരുന്നു സഹോദരിമാരായ അംബികയും രാധയും. അംബിക ഇപ്പോഴും സിനിമാലോകത്തുണ്ടെങ്കിലും രാധക്ക് താത്പര്യം ബിസിനസിനോടാണ്.

ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം താര സഹോദരിമാര്‍ ഒന്നിച്ചു കൂടിയിരിക്കുകയാണ്. ‘നീണ്ട പത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് എന്റെ അംബി ചേച്ചി മുംബൈയിലെ എന്റെ വീട്ടില്‍ വരുന്നത്. ഇനി രണ്ടു ദിവസം കൂടെയുണ്ട്, മുംബൈയിലെ തന്റെ വസതിയില്‍ ചേച്ചി എത്തിയ സന്തോഷമാണ് നടി രാധ പങ്കുവയ്ക്കുന്നത്.

ബാലതാരമായി സിനിമയിലെത്തിയ താരമാണ് അംബിക. 200 ലേറെ തെന്നിന്ത്യന്‍ സിനിമകളില്‍ അംബിക നായികയായിട്ടുണ്ട്. ഇളയ സഹോദരി രാധയും സിനിമാപ്രേമികള്‍ക്ക് സുപരിചിതയാണ്. വളരെ കുറച്ച് മലയാളം ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളികള്‍ മറക്കാത്ത നായികയാണ് രാധ.

സിനിമയില്‍ സജീവമായി നിന്ന സമയം, സഹോദരിമാര്‍ ചേര്‍ന്ന് ‘എ ആര്‍ എസ് സ്റ്റുഡിയോസ്’ എന്ന പേരില്‍ ഒരു മൂവി സ്റ്റുഡിയോയും നടത്തിയിരുന്നു, 2013ല്‍ ‘എ ആര്‍ എസ് സ്റ്റുഡിയോ’ അവര്‍ ഒരു ഹോട്ടല്‍ സമുച്ചയമാക്കി മാറ്റിയിരുന്നു.

അംബിക മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷാചിത്രങ്ങളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. കമല്‍ഹാസന്‍, രജനീകാന്ത്, മമ്മൂട്ടി, മോഹന്‍ലാല്‍, പ്രേംനസീര്‍, ജയന്‍, വിജയകാന്ത്, എന്‍ ടി രാമറാവു, ചിരഞ്ജീവി, അബംരീഷ്, ശങ്കര്‍ എന്നിങ്ങനെ തെന്നിന്ത്യയിലെ സൂപ്പര്‍സ്റ്റാറുകളുടെ നായികയായിരുന്നു അക്കാലത്ത് അംബിക.

‘സീത’ എന്ന മലയാളം ചിത്രത്തിലൂടെയായിരുന്നു അംബിക നായികയായി അരങ്ങേറ്റം കുറിച്ചത്. നീലത്താമര, ലജ്ജാവതി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചതോടെ അംബിക ശ്രദ്ധ നേടി.

‘രാജാവിന്റെ മകന്‍’ സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ചിരുന്നു. വിന്‍സന്റ് ഗോമസ് എന്ന കഥാപാത്രത്തിനൊപ്പം തന്നെ അംബികയുടെ അഡ്വക്കേറ്റ് നാന്‍സി എന്ന കഥാപാത്രവും ശ്രദ്ധേയമായിരുന്നു.

മാത്രമല്ല, ചിത്രത്തില്‍ നായകനേക്കാള്‍ കൂടുതല്‍ പ്രതിഫലം പറ്റിയതും അംബികയായിരുന്നു. അന്ന് മോഹന്‍ലാലിനെക്കാള്‍ തിരക്കും താരമൂല്യവുമുള്ള നായികയായിരുന്നു അംബിക. തമിഴിലും തെലുങ്കിലും കന്നടയിലും മലയാളത്തിലും ഒരേസമയം സജീവമായിരുന്നു താരം.

അഭിനയത്തിനു പുറമെ നിര്‍മ്മാണത്തിലും പാട്ടെഴുത്തിലും കൂടി അംബിക കഴിവ് തെളിയിച്ചിട്ടുണ്ട്. ‘അയിത്തം’ എന്ന സിനിമ നിര്‍മ്മിച്ചു. 2014 ല്‍ ഒരു മലയാള ചലച്ചിത്രത്തിനു പാട്ടെഴുതുകയും ചെയ്തിട്ടുണ്ട്. കൂടാതെ ടെലിവിഷന്‍ സീരിയലുകളിലും അംബിക സാന്നിധ്യമറിയിച്ചിട്ടുണ്ട്.

അതേസമയം, സംവിധായകന്‍ ഭാരതിരാജയുടെ അലൈഗള്‍ ഒയ്വതില്ലൈ എന്ന ചിത്രത്തിലൂടെയാണ് സഹോദരി രാധ സിനിമയിലേക്ക് എത്തിയത്. തമിഴിലെ കള്‍ട്ട് ക്ലാസിക്കുകളില്‍ ഒന്നായാണ് ഈ ചിത്രം അറിയപ്പെടുന്നത്. ഇരകള്‍, രേവതിക്കൊരു പാവക്കുട്ടി, ഉമാനിലയം, മോര്‍ച്ചറി എന്നീ മലയാളം ചിത്രങ്ങളില്‍ രാധയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചേച്ചിയെ പോലത്തന്നെ തമിഴ്, കന്നട, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലെല്ലാം ഒരേസമയം തിളങ്ങിനിന്നിരുന്നു രാധ.

കോവളത്തും മുംബൈയിലുമൊക്കെയായി റെസ്റ്റോറന്റ് ശൃംഖല നടത്തുകയാണ്
രാധയുടെ ഭര്‍ത്താവ് രാജശേഖരനായര്‍. മക്കളായ കാര്‍ത്തിക, തുളസി എന്നിവരും അമ്മയുടെ പാതയില്‍ അഭിനയരംഗത്ത് കഴിവ് തെളിയിച്ചവരാണ്. വിഘ്‌നേഷ് എന്നൊരു മകന്‍ കൂടി ഈ ദമ്പതികള്‍ക്ക് ഉണ്ട്.

ജോഷ് എന്ന ചിത്രത്തില്‍ അരങ്ങേറ്റം കുറിച്ച കാര്‍ത്തിക തമിഴില്‍ കോ എന്ന ചിത്രത്തിലും മലയാളത്തില്‍ ‘മകരമഞ്ഞി’ലും അഭിനയിച്ചിട്ടുണ്ട്. മണിരത്‌നം ചിത്രം ‘കടല്‍’ ആയിരുന്നു തുളസി നായരുടെ ആദ്യചിത്രം. തമിഴില്‍ യാന്‍ എന്ന ചിത്രത്തിലും തുളസി അഭിനയിച്ചിരുന്നു.