ഒടുവില്‍ നടന്‍ വിജയ് ബാബുവിനെ ‘അമ്മ’യും കയ്യൊഴിഞ്ഞു; എക്‌സിക്യൂട്ടീവ് അംഗത്വത്തില്‍ നിന്ന് പുറത്താക്കി

യുവതി നല്‍കിയ ലൈംഗിക പീഡന പരാതിക്ക് പിന്നാലെ നിര്‍മാതാവും നടനുമായ വിജയ് ബാബു സിനിമാ സംഘടനയായ ‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് അംഗത്വത്തില്‍ നിന്ന് പുറത്ത്. ഇന്ന് ചേര്‍ന്ന ഭാരവാഹിയോ ഗത്തിലാണ് തീരുമാനം. വിജയ് ബാബുവിനെ അമ്മ എക്‌സിക്യൂട്ടീവ് സ്ഥാനത്ത് നിന്നും മാറ്റി നിര്‍ത്തണം എന്ന് ഐസിസി കമ്മിറ്റി ശക്തമായ നിലപാടെടുത്തിരുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു തുടര്‍ നീക്കങ്ങള്‍.

പുറത്താക്കലിന് മുന്‍പു തന്നെ ഭാരവാഹി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കുന്നെന്ന് കാണിച്ച് വിജയ് ബാബു കത്ത് നല്‍കിയിരുന്നു. ഇന്ന് ആ കത്ത് അംഗീകരിക്കുകയാണ് ഉണ്ടായത്.

താരത്തെ പുറത്താക്കുന്നത് സംബന്ധിച്ച് സംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കിടയില്‍ രണ്ടു ചേരി രൂപപ്പെട്ടിരുന്നു. സത്യം വെളിപ്പെടട്ടെ, വിജയ് ബാബുവിന് 15 ദിവസം സമയം അനുവദിക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടപ്പോള്‍ ഒരു കാരണവശാലും കൂടുതല്‍ സമയം അനുവദിക്കില്ലെന്നാണ് ഐസിസി നിലപാട്. ഇതിനിടെ, വിജയ് ബാബുവിനെതിരെ നടപടി എടുക്കാത്തപക്ഷം തങ്ങള്‍ രാജിവെക്കുമെന്ന് ചില എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അറിയിക്കുകയും ചെയ്തിരുന്നു.

കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ വിജയ് ബാബുവിനെ പുറത്താക്കരുത് എന്നായിരുന്നു ഇവരുടെ ആവശ്യം. വിജയ് ബാബുവിനെ പുറത്താക്കിയാല്‍ ജാമ്യത്തില്‍ ബാധിക്കുമെന്ന് ചില എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അറിയിക്കുകയും ചെയ്തിരുന്നു.

വിജയ് ബാബുവിനെതിരെ നടപടി വേണമെന്ന് ഏക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഭൂരിഭാഗം പുരുഷ അംഗങ്ങളും അഭിപ്രായപ്പെട്ടു. ഒപ്പം, വനിതാ ഭാരവാഹികളായ രചന നാരായണന്‍ കുട്ടി, ലെന, സുരഭി ലക്ഷ്മി, മഞ്ജു പിള്ള, ശ്വേതാ മേനോന്‍ എന്നീ അഞ്ചു പേരില്‍ മഞ്ജു പിള്ള ഒഴിച്ചുള്ള നാലു പേരും വിജയ് ബാബുവിനെതിരെ നടപടിയെടുക്കുന്നതില്‍ ഒറ്റക്കെട്ടായി നിലപാട് സ്വീകരിക്കുകയായിരുന്നു.

അമ്മ യോഗത്തില്‍ എക്‌സിക്യൂട്ടീവ് ഭാരവാഹികളായ ബാബുരാജും ശ്വേതാ മേനോനും വിജയ് ബാബുവിനെതിരെ ഉറച്ച നിലപാടാണ് സ്വീകരിച്ചത്. പുറത്താക്കാത്ത പക്ഷം രാജിവെക്കുന്നെ നിലപാടാണ് ഇരുവരും അറിയിച്ചത്. ഇതിനിടെ, വിജയ് ബാബു ഇപ്പോഴും ഒളിവില്‍ തുടരുകയാണ്. കഴിഞ്ഞ ഞായറാഴ്ച (24) ബെംഗളൂരു വഴി വിജയ് ബാബു യുഎഇയിലേക്കു പോയതായാണു വിവരം.

ഇതിനിടെ, പരാതിക്കാരിയായ യുവതിയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. വിജയ് ബാബുവിനെതിരെ പൊലീസ് കഴിഞ്ഞ ദിവസം തിരച്ചില്‍ നോട്ടിസ് പുറത്തിറക്കിയിരുന്നു. വിജയ് ബാബുവിന്റെ ഫ്‌ലാറ്റിലും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു.

പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി നിയമസംവിധാനത്തെപ്പോലും വെല്ലുവിളിച്ചതാണ് വിജയ് ബാബുവിനെതിരായ നിയമ നീക്കങ്ങള്‍ക്ക് ശക്തികൂട്ടുന്നത്.

Previous articleഞാന്‍ കല്യാണം കഴിച്ചത് നടന്‍ ഇന്ദ്രജിത്തിനെ ആയിരുന്നില്ല; അമേരിക്കന്‍ കമ്പനിയിലേക്ക് ജോലിക്ക് പോകാനിരുന്ന പയ്യനെയായിരുന്നു, പക്ഷേ…: പൂര്‍ണിമ ഇന്ദ്രജിത്ത്
Next articleസ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളില്‍ ശക്തമായ നിലപാടുള്ള ഒരു സര്‍ക്കാര്‍ കേരളം ഭരിക്കുമ്പോള്‍ മറിച്ചൊന്ന് അനുവദിച്ചുകൂടാ: രശ്മി ആര്‍ നായര്‍