പഴയവീഞ്ഞ് പുതിയ കുപ്പിയില്‍, പരീക്ഷിച്ച് പാളിയ രജനിഫോര്‍മുല-അണ്ണാത്തെ റിവ്യു

തമിഴ്‌നാടിനെ ആഘോഷത്തിലാക്കി എത്തിയ രജനി പടമായിരുന്നു അണ്ണാത്തെ. രജനിയുടെ മാസ് മസാല സിനിമകളുടെ ഫോര്‍മുലയിലെത്തുന്ന അണ്ണാത്തെയ്ക്കായി ആരാധകരുടെ നീണ്ട കാത്തിരിപ്പായിരുന്നു. വിശ്വാസം, വേതാളം എന്നീ ചിത്രങ്ങളൊരുക്കിയ ശിവയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്ന…

തമിഴ്‌നാടിനെ ആഘോഷത്തിലാക്കി എത്തിയ രജനി പടമായിരുന്നു അണ്ണാത്തെ. രജനിയുടെ മാസ് മസാല സിനിമകളുടെ ഫോര്‍മുലയിലെത്തുന്ന അണ്ണാത്തെയ്ക്കായി ആരാധകരുടെ നീണ്ട കാത്തിരിപ്പായിരുന്നു. വിശ്വാസം, വേതാളം എന്നീ ചിത്രങ്ങളൊരുക്കിയ ശിവയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്ന റിപ്പോര്‍ട്ടാണ് എത്തിക്കൊണ്ടിരിക്കുന്നത്.


ശിവ തന്നെ ഒരുക്കിയ വേദാളം എന്ന ചിത്രം സഹോദരി സ്‌നേഹത്തെ കുറിച്ചാണ് പറഞ്ഞതെങ്കില്‍ വിശ്വാസത്തില്‍ ക്ലൈമാക്‌സില്‍ മാത്രം തിരിച്ചറിയുന്ന മകളോടുള്ള അച്ഛന്റെ സ്‌നേഹത്തെക്കുറിച്ചായിരുന്നു. അണ്ണാത്തെയില്‍ ഒന്നിലധികം വില്ലന്മാരില്‍ നിന്ന് സഹോദരന്‍ തന്നെ രക്ഷിക്കുന്നത് ക്ലൈമാക്സ് വരെ സഹോദരിക്ക് അറിയില്ല. വേദാളവും വിശ്വാസും ചേര്‍ന്ന ഒരു അവിയലാണ് അണ്ണാത്തെയെന്ന് പറഞ്ഞാല്‍ തെല്ലും അതിശയോക്തിയില്ല.
ശൂരക്കോട്ടയിലെ കാളിയന്‍(രജനികാന്ത്) എല്ലാവര്‍ക്കും പരോപകാരിയായ ഒരാളാണ്. സഹോദരി തങ്ക മീനാച്ചിയെ (കീര്‍ത്തി സുരേഷ്) ചുറ്റിപ്പറ്റിയാണ് അദ്ദേഹത്തിന്റെ ജീവിതം. കാളയന്‍ തന്റെ സഹോദരിയെ അടുത്തുള്ള ഗ്രാമത്തിലേക്ക് വിവാഹം കഴിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. പക്ഷെ, മിക്ക ആളുകളും കാളിയന്റെ സഹോദരിയോടുള്ള അമിത സ്‌നേഹം തങ്ങളുടെ വിവാഹജീവിതത്തെ ബാധിക്കുമെന്ന് കരുതി ഇത് നിരസിക്കുന്നു. ഒടുവില്‍, കാളിയന്റെ എതിരാളി (പ്രകാശ് രാജ്) തന്റെ സഹോദരനും തങ്ക മീനാച്ചിയും തമ്മിലുള്ള വിവാഹം നടത്താനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നു. കാളിയന്‍ ആഡംബരപൂര്‍ണ്ണമായ വിവാഹത്തിനുള്ള ഒരുക്കങ്ങളുടെ തിരക്കിലായിരിക്കുമ്പോള്‍, തങ്ക മീനച്ചിയെ കാണാതാവുകയും ആദ്യ പകുതി ഒരു ട്വിസ്റ്റോടെ അവസാനിക്കുകയും ചെയ്യുന്നു. കീര്‍ത്തി എങ്ങനെ കൊല്‍ക്കത്തയില്‍ എത്തുന്നു, എന്തിനാണ് പണത്തിന് വേണ്ടി കഷ്ടപ്പെടുന്നത് എന്നതാണ് ചിത്രത്തിന്റെ ബാക്കി ഭാഗം. വില്ലന്മാരില്‍ നിന്ന് കാളിയന്‍ തന്റെ ഏക സഹോദരിയെ രക്ഷിക്കുമോ?
വില്ലന്‍മാരായെത്തുന്ന അഭിമന്യു സിങ്ങും ജഗപതി ബാബുവും അവരുടെ ഭാഗം നന്നായി ചെയ്തിട്ടുണ്ട്, അവരുടെ വേഷവിധാനങ്ങളും ഡയലോഗ് ഡെലിവറിയും മേക്കപ്പും ടോളിവുഡിലെ ഹാര്‍ഡ്കോര്‍ 70-കളിലെ മാസ് മസാല ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. ഖുശ്ബു, മീന, സതീഷ്, സൂരി തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ചലച്ചിത്ര സഹോദര-സഹോദരി സെന്റിമെന്റും അനാവശ്യമായ കോമഡി രംഗങ്ങളുമായാണ് അന്നത്തെ ആദ്യ പകുതി. നയന്‍താര വക്കീല്‍ വേഷത്തില്‍ അതി സുന്ദരിയാണ്. എന്നാല്‍ കാര്യമായൊന്നും ചെയ്യാനില്ല താനും.
ചിത്രത്തിലെ ഏറ്റവും വലിയ പോസിറ്റീവ് രജനികാന്ത് കൂടുതല്‍ ചെറുപ്പമായത് പോലെയിരിക്കുന്നുവെന്നതാണ്. മാത്രമല്ല, അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവറി, ബോഡി ലാംഗ്വേജ്, കോമിക് ലൈനുകള്‍ എന്നിവ കാണാന്‍ രസകരമാണ്, എന്നാല്‍ ഒരു ഘട്ടത്തിന് ശേഷം, സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ ആവര്‍ത്തനവും പ്രവചിക്കാന്‍ കഴിയുന്നതുമാണ്. പിന്നീടുള്ളത് ഇമ്മന്റെ പാട്ടുകള്‍ കസറി. പക്ഷെ, പശ്ചാത്തല സ്‌കോര്‍ വളരെ ഉച്ചത്തിലുള്ളതും പലയിടത്തും ഞെട്ടിപ്പിക്കുന്നതുമാണ്, ചില സംഭാഷണങ്ങള്‍ കേള്‍ക്കില്ല. ചിത്രത്തിന്റെ രണ്ടാം പകുതി നമ്മുടെ ക്ഷമയെ പരീക്ഷിക്കും.
രജനികാന്തിന്റെ പഴയ ഫോര്‍മുലയിലൊരുക്കിയ ചിത്രമാണെങ്കിലും അന്ന് നമ്മള്‍ ആസ്വദിച്ച് കണ്ടത് പോലെ ഈ ചിത്രം എന്‍ജോയ് ചെയ്യാന്‍ കഴിയുന്നില്ല.