ബറോസിലെ ലാലേട്ടനെ കണ്ടോ…? ഇനിയാണ് കാത്തിരിപ്പ്!

നടന വിസ്മയം മോഹന്‍ലാല്‍ ഒരു സംവിധായകന്റെ പരിവേഷമണിയുന്നു എന്ന വാര്‍ത്ത അദ്ദേഹത്തിന്റെ ആരാധകരില്‍ തീര്‍ത്ത ആവേശം ചെറുതൊന്നും അല്ല. മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയത്തുതന്നെ വാര്‍ത്താപ്രാധാന്യം നേടിയ ചിത്രമാണ്…

നടന വിസ്മയം മോഹന്‍ലാല്‍ ഒരു സംവിധായകന്റെ പരിവേഷമണിയുന്നു എന്ന വാര്‍ത്ത അദ്ദേഹത്തിന്റെ ആരാധകരില്‍ തീര്‍ത്ത ആവേശം ചെറുതൊന്നും അല്ല. മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയത്തുതന്നെ വാര്‍ത്താപ്രാധാന്യം നേടിയ ചിത്രമാണ് ബറോസ്. കൊവിഡ് കാരണം ചിത്രീകരണങ്ങള്‍ തടസ്സപ്പെട്ട് പോയ ചിത്രം ഇപ്പോള്‍ വീണ്ടും ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്.

ഇപ്പോഴിതാ താന്‍ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ ക്യാരക്ടറ്റര്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകാണ് മോഹന്‍ലാല്‍. ചിത്രത്തിലെ അദ്ദേഹത്തിന്റെ ക്യാരക്ടര്‍ സ്‌കെച്ചാണ് പങ്കുവെച്ചിരിക്കുന്നത്. തന്റെയും ഒരു കുട്ടിയുടെയും കഥാപാത്രങ്ങളുടെ സ്‌കെച്ച് ആണ് സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ പങ്കുവച്ചിരിക്കുന്നത്. സേതു ശിവാനന്ദനാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. കൊവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന സിനിമയുടെ ചിത്രീകരണം വീണ്ടും തുടങ്ങുകയാണ് എന്നും അദ്ദേഹം പോസ്റ്റിലൂടെ അറിയിച്ചിരിക്കുകയാണ്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് ഈ വര്‍ഷം മാര്‍ച്ച് 24നായിരുന്നു.

കേരളത്തിലും ഗോവയിലുമായി പല ദിവസങ്ങളില്‍ ചിത്രീകരണം നടത്തിയിരുന്നെങ്കിലും ഷൂട്ട് ചെയ്ത മുഴുവന്‍ രംഗങ്ങളും ഉപേക്ഷിക്കേണ്ട ഒരു സ്ഥിതി ചിത്ത്രതിന് നേരിട്ടിരുന്നു. ഷെഡ്യൂള്‍ ബ്രേക്ക് നീണ്ടുപോയതിനെത്തുടര്‍ന്ന് ചിത്രത്തിന്റെ കണ്ടിന്യുവിറ്റി നഷ്ടപ്പെടുമെന്ന് മനസ്സിലാക്കിയപ്പോഴാണ് ചിത്രീകരിച്ചു വെച്ച രംഗങ്ങള്‍ വീണ്ടും എടുക്കണം എന്ന തീരുമാനത്തിലേക്ക് സംവിധായകന്‍ മോഹന്‍ലാല്‍ എത്തിയത്. ചിത്രത്തിലെ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന കുട്ടി വളര്‍ന്നു പോയതാണ് എടുത്ത രംഗങ്ങള്‍ വീണ്ടും ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചതിലെ കാരണമായി അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.