50 കോടി ക്ലബ്ബിന്‍ കണ്ണൂര്‍ സ്‌ക്വാഡ്!! പ്രേക്ഷകരുടെ അവസാനിക്കാത്ത സ്‌നേഹത്തിന് വലിയ നന്ദി’യെന്ന് ദുല്‍ഖര്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ് മെഗാഹിറ്റായി ബോക്‌സോഫീസ് കൈയ്യടക്കിയിരിക്കുകയാണ്. റിലീസ് ചെയ്ത് ഒന്‍പതാം ദിവസം ആഗോള തലത്തില്‍ അന്‍പതുകോടി കടന്നിരിക്കുകയാണ് കണ്ണൂര്‍ സ്‌ക്വാഡ്. ചിത്രത്തിന്റെ മികച്ച വിജയത്തിന് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍.…

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ് മെഗാഹിറ്റായി ബോക്‌സോഫീസ് കൈയ്യടക്കിയിരിക്കുകയാണ്. റിലീസ് ചെയ്ത് ഒന്‍പതാം ദിവസം ആഗോള തലത്തില്‍ അന്‍പതുകോടി കടന്നിരിക്കുകയാണ് കണ്ണൂര്‍ സ്‌ക്വാഡ്.

ചിത്രത്തിന്റെ മികച്ച വിജയത്തിന് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ‘കണ്ണൂര്‍ സ്‌ക്വാഡിന്റെ മുഴുവന്‍ ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഒപ്പം ചിത്രത്തിന് നല്‍കുന്ന അവസാനിക്കാത്ത സ്‌നേഹത്തിന് പ്രേക്ഷകര്‍ക്ക് വലിയ നന്ദി’ എന്നാണ് ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ചിത്രം 50 കോടി കളക്ഷന്‍ നേടിയതിനു പിന്നാലെ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയ പോസ്റ്ററും ദുല്‍ഖര്‍ പങ്കുവച്ചു.

മുന്‍ കണ്ണൂര്‍ എസ്പി എസ്. ശ്രീജിത്ത് രൂപീകരിച്ച കണ്ണൂര്‍ സ്‌ക്വാഡിന്റെ ഭാഗമായ പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രത്തിന്റെ കഥ. സിനിമ യഥാര്‍ത്ഥ സംഭവുമായി നീതി പുലര്‍ത്തിയെന്ന് കണ്ണൂര്‍ പൊലീസ് സ്‌ക്വാഡിനെ നയിച്ചിരുന്ന ബേബി ജോര്‍ജ് പറഞ്ഞിരുന്നു.

നവാഗതനായ റോബി വര്‍ഗീസ് രാജാണ് കണ്ണൂര്‍ സ്‌ക്വാഡിന്റെ സംവിധാനം.
ഗ്രേറ്റ്ഫാദര്‍, വെള്ളം, ജോണ്‍ ലൂഥര്‍ തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു റോബി സംവിധായകനായിരിക്കുകയാണ് കണ്ണൂര്‍ സ്‌ക്വാഡിലൂടെ.

റോബിയുടെ സഹോദരനും നടനുമായ റോണിയും മുഹമ്മദ് ഷാഫിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. നന്‍പകല്‍ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ചിത്രമാണ്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.