ജയിലർ 2യുമായി ക്ലാഷ് വേണ്ട; ധനുഷ്-മമ്മൂട്ടി ചിത്രം ‘ഓം’ റിലീസ് മാറ്റുന്നു

ധനുഷും മമ്മൂട്ടിയും ഒന്നിക്കുന്ന ‘ഓം’ എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചു. നേരത്തെ ഒക്ടോബർ 16ന് തിയറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് തീയതിയാണ് മാറ്റിയത്. ഒക്ടോബർ 15ന് രജിനികാന്ത് ചിത്രം ‘ജയിലർ 2’ റിലീസ് ചെയ്യുന്നതിനാൽ ക്ലാഷ് ഒഴിവാക്കാനാണ് തീരുമാനമെന്ന് ധനുഷ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

ദീപാവലി റിലീസായും ‘ഓം’ എത്തില്ല. ദീപാവലി സമയത്ത് സൂര്യയുടെ ചിത്രം റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ തീരുമാനമെന്നും ധനുഷ് വ്യക്തമാക്കി. പുതിയ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

“ഇത്തരം സാഹചര്യങ്ങളിൽ ഒരു സിനിമയുടെ റിലീസ് മാറ്റിവയ്ക്കുന്നത് നിരവധി വെല്ലുവിളികളുള്ള കാര്യമാണ്. എന്നാൽ നമ്മളെല്ലാം ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന സൂപ്പർസ്റ്റാർ രജിനികാന്ത് സാറിന്റെ ചിത്രം ഒക്ടോബർ 15ന്, ഞങ്ങളുടെ ചിത്രത്തിന് ഒരു ദിവസം മുൻപ് റിലീസ് ചെയ്യുകയാണ്. അദ്ദേഹത്തോടുള്ള ബഹുമാനം കണക്കിലെടുത്താണ് ‘ഓം’ മറ്റൊരു തീയതിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്,” ധനുഷ് കുറിച്ചു.

ദീപാവലി റിലീസിനെക്കുറിച്ചും ധനുഷ് കുറിപ്പിൽ വ്യക്തമാക്കി. സൂര്യയുടെ ചിത്രം ആ ദിവസത്തേക്ക് നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ‘ഓം’ ദീപാവലിക്ക് റിലീസ് ചെയ്യില്ലെന്നാണ് അറിയിച്ചത്. സിനിമയുടെയും വ്യവസായത്തിന്റെയും പൊതുവായ നന്മയ്ക്കായി വലിയ ചിത്രങ്ങൾ തമ്മിൽ പരസ്പര ധാരണയും പരസ്പര ബഹുമാനവും ആവശ്യമാണെന്നും ധനുഷ് കൂട്ടിച്ചേർത്തു.

‘ഓം – ചാപ്റ്റർ വൺ’ എന്നാണ് ചിത്രത്തിന്റെ പൂർണ പേര്. ‘ഉതിരം: ദ ബ്ലഡ് വുഡ്’ എന്നാണ് ടാഗ് ലൈൻ. ടൈറ്റിൽ ടീസർ ചിത്രമൊരു മാസ് ആക്ഷൻ ഡ്രാമയായിരിക്കുമെന്ന സൂചനയാണ് നൽകുന്നത്.

രാജ്കുമാർ പെരിയസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സായ് അഭ്യങ്കർ സംഗീതം ഒരുക്കുന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ധനുഷും പ്രധാന വേഷത്തിലെത്തുന്നു. എട്ട് വർഷത്തിന് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ഓമി’നുണ്ട്. ധനുഷിനായി സായ് അഭ്യങ്കർ സംഗീതം ഒരുക്കുന്ന ആദ്യ ചിത്രവുമാണിത്. മലയാളി താരം ഇന്ദ്രൻസും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.