
നാനി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ‘ദ പാരഡൈസ്’ തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ചിത്രം എത്തിയില്ലെന്ന വിമർശനങ്ങൾക്കൊപ്പം സോഷ്യൽ മീഡിയയിൽ ട്രോളുകളും സജീവമാണ്. ഇപ്പോഴിതാ ചിത്രത്തിനെതിരായ വിമർശനങ്ങളോടും പ്രേക്ഷക പ്രതികരണങ്ങളോടും പ്രതികരിച്ചിരിക്കുകയാണ് നാനി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് പ്രേക്ഷകരുടെയും നിരൂപകരുടെയും അഭിപ്രായങ്ങൾ താൻ ശ്രദ്ധിച്ചിട്ടുണ്ടെന്ന് നാനി വ്യക്തമാക്കിയത്. ചിത്രത്തിന് ലഭിച്ച സ്നേഹവും ട്രോളുകളും വിമർശനങ്ങളും ഒരുപോലെ സ്വീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
“നിങ്ങളുടെ എല്ലാ പ്രതികരണങ്ങളും അഭിപ്രായങ്ങളും ഞാൻ കണ്ടു. നിങ്ങൾ നൽകിയ സ്നേഹവും പൊട്ടിച്ചിരിപ്പിക്കുന്ന ട്രോളുകളും ഒരുപോലെ സ്വീകരിക്കുന്നു. പ്രേക്ഷകർ ഈ ചിത്രത്തെ ഏറ്റെടുത്തതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. പ്രേക്ഷകരും നിരൂപകരും ഉയർത്തിക്കാട്ടിയ വിമർശനങ്ങളും ഞാൻ ഉൾക്കൊള്ളുന്നു,” നാനി കുറിച്ചു. പ്രേക്ഷകർക്ക് സിനിമയെ ആഘോഷിക്കാനും വിമർശിക്കാനുമുള്ള അവകാശമുണ്ടെന്നും നാനി പറഞ്ഞു. ഏറെ കഠിനാധ്വാനം ചെയ്താണ് ചിത്രം ഒരുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“എല്ലാത്തിനും നന്ദി, അത്ര മാത്രമേ എനിക്ക് പറയാനുള്ളൂ. നിങ്ങൾക്ക് തികച്ചും വ്യത്യസ്തമായ ഒരു അനുഭവം നൽകാനായി ഞങ്ങൾ ഏറെ കഷ്ടപ്പെട്ടാണ് ‘പാരഡൈസ്’ ഒരുക്കിയത്. ഇനി ഈ ചിത്രം നിങ്ങളുടേതാണ്. ആഘോഷിക്കാം, വിമർശിക്കാം. സിനിമയോടും എന്നോടും നിങ്ങൾ കാണിച്ച സ്നേഹത്തിന് ഒരുപാട് നന്ദി,” എന്നും നാനി വ്യക്തമാക്കി. ‘ദസറ’യ്ക്ക് ശേഷം നാനിയും സംവിധായകൻ ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിച്ച ചിത്രമാണ് ‘ദ പാരഡൈസ്’. ‘ദസറ’യുടെ നിർമ്മാതാവ് സുധാകർ ചെറുകുറി തന്നെയാണ് എസ്എൽവി സിനിമാസ് ബാനറിൽ ചിത്രം നിർമ്മിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറിനൊപ്പം നാനി വീണ്ടും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. ‘ജേഴ്സി’, ‘ഗാങ് ലീഡർ’ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്.












