
തെന്നിന്ത്യൻ സിനിമാലോകത്തെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളായ സൂര്യയുടെയും ജ്യോതികയുടെയും ഇരുപതാം വിവാഹ വാർഷികാഘോഷങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. വിവാഹത്തിന്റെ ഇരുപതാം വർഷം ക്രിസ്ത്യൻ ആചാരപ്രകാരം വീണ്ടും വിവാഹിതരായ ഇരുവരും തങ്ങളുടെ വിവാഹ വാഗ്ദാനങ്ങൾ പരസ്പരം പുതുക്കുന്ന വൈകാരിക നിമിഷങ്ങളാണ് വീഡിയോയുടെ പ്രധാന ആകർഷണം.
‘ദി സീക്വൽ’ എന്ന് പേരിട്ടിരിക്കുന്ന ഈ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ തമാശകളും പാട്ടുകളും കുസൃതികളും നിറഞ്ഞ നിമിഷങ്ങൾക്കൊപ്പം കണ്ണീരണിയിക്കുന്ന മുഹൂർത്തങ്ങളുമുണ്ട്. സൂര്യയുടെ മടിയിൽ കിടന്ന് മരിക്കാനാണ് ആഗ്രഹമെന്ന് പറഞ്ഞ ജ്യോതിക, “നീ എനിക്ക് മുന്നേ ഈ ലോകം വിട്ടുപോയാൽ അവിടെയും ഞാൻ നിന്നെ പിന്തുടരും, കാരണം നീ അവിടെയുള്ളവരെയും ബോറടിപ്പിക്കും എന്ന് എനിക്കറിയാം” എന്ന് പറഞ്ഞത് സദസ്സിൽ ചിരി പടർത്തി.
മക്കൾക്കൊപ്പമെത്തി വിവാഹ പ്രതിജ്ഞ ചൊല്ലിയ താരങ്ങൾ ഇനിയുള്ള വർഷങ്ങളിലും ഒന്നായി തുടരുമെന്ന് പ്രഖ്യാപിച്ചു. പരസ്പരം നന്ദി അറിയിച്ചും തങ്ങളുടെ പ്രണയകാലത്തെ ഓർത്തെടുത്തും ഇരുവരും സംസാരിച്ച വൈകാരിക നിമിഷങ്ങൾ ഇതിനോടകം തന്നെ ആരാധകരുടെ മനംകവർന്നു കഴിഞ്ഞു. സിനിമാലോകവും ആരാധകരും ഏറെ സ്നേഹിക്കുന്ന ഈ താരജോടികൾക്ക് ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.












